മെക് 7നെതിരെയുള്ള പി.മോഹനന്‍റെ പ്രസ്താവന ദുരുദ്ദേശപരം; കൂട്ടായ്മക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം ചേളാരിയിൽ മെക് സെവൻ വ്യായായ്മ കൂട്ടായ്മയിൽ അബിൻ പങ്കെടുത്തു
മലപ്പുറം: മെക്ക് 7 കൂട്ടായ്മക്ക് എതിരെയുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ്റെ പ്രസ്താവന ദുരുദ്ദേശപരമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി.
സംഘപരിവാർ പ്രചാരണങ്ങൾക്ക് വിഷയം നൽകിയാണ് ആദ്യം ഉന്നയിച്ച ആരോപണത്തിൽ നിന്ന് മോഹനൻ പിൻവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മെക് സെവന് യൂത്ത് കോൺഗ്രസ് പിന്തുണ നൽകുമെന്നും അബിൻ വർക്കി വിശദീകരിച്ചു. മലപ്പുറം ചേളാരിയിൽ മെക് സെവൻ വ്യായായ്മ കൂട്ടായ്മയിൽ അബിൻ പങ്കെടുത്തു.
മെക് 7ന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നായിരുന്നു പി.മോഹനന്‍റെ ആരോപണം. സംവിധാനത്തിന് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ആണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കലാണ് മെക് 7എന്നും തീവ്രവാദികളെയും കൂട്ടിയുള്ള ഏർപ്പാടാണ് ഇതെന്നും ആരോപിച്ചിരുന്നു. ആരോപണം ചര്‍ച്ചയായതിനു പിന്നാലെ മോഹനന്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു. മെക് 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്നായിരുന്നു പിന്നീട് മോഹനന്‍ പറഞ്ഞത്. ''മെക് 7നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പൊതുവിടങ്ങളില്‍ മതരാഷ്ട്ര വാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തത്.
അപൂർവമായി ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, സംഘ് പരിവാർ തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറുകയും അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണം. ഒരു മതത്തെയും കുറിച്ച് പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണ്'' എന്നാണ് മോഹനന്‍ പറഞ്ഞത്.
Adjust Story Font
16