ഷിദ ജഗതിനെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപം; ലസിത പാലക്കലിനെതിരെ പൊലീസിൽ പരാതി
മീഡിയവൺ മാനേജ്മെന്റാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്
കോഴിക്കോട്: സുരേഷ് ഗോപിക്കെതിരെ പരാതി നല്കിയതിന് പിന്നാലെ മീഡിയവൺ സ്‌പെഷ്യൽ കറസ്‌പോണ്ടൻറ് ഷിദ ജഗത്തിനെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട സംഘപരിവാർ പ്രവർത്തക ലസിത പാലക്കലിനെതിരെ പൊലീസിൽ പരാതി. മീഡിയവൺ മാനേജ്മെന്റാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
അധിക്ഷേപമുണ്ടായതിനെതിരെ പരാതി നൽകിയതിന്റെ പേരിൽ വീണ്ടും അധിക്ഷേപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീഡിയവൺ മാനേജിങ് എഡിറ്റർ സി ദാവൂദ് അറിയിച്ചു.
ഷിദ ജഗതിന്റെ പരാതിയിൽ ഇന്ന് വൈകുന്നേരമാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് 354A വകുപ്പ് പ്രകാരം കേസ്.
കഴിഞ്ഞ ദിവസം കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി ഷിദയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.
തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിദ ഇന്ന് ഉച്ചയോടെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. നടക്കാവ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു
Adjust Story Font
16