അധ്യയന വർഷാരംഭം ഫലസ്തീനൊപ്പം: റഫ ഐക്യദാർഢ്യ ക്യാമ്പയിനുമായി ഫ്രറ്റേണിറ്റി
വിദ്യാർഥി പ്രതിഷേധ സംഗമങ്ങൾ, ഗസ്സ സ്‌ക്വയറുകൾ, ഐക്യദാർഢ്യ ബാഡ്ജ് വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും
കോഴിക്കോട്: റഫയിൽ ടെന്‍റുകളില്‍ കഴിയുന്ന അഭയാർഥികൾക്കു നേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് റഫ ഐക്യദാർഢ്യ ക്യാമ്പയിനുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്.
സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുന്ന ഇന്നാണ്(ജൂൺ മൂന്ന്) ക്യാമ്പയിൻ നടത്തുന്നത്. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീന് സ്വാതന്ത്ര്യം നൽകുക, വംശഹത്യ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുക.
വിദ്യാർഥി പ്രതിഷേധ സംഗമങ്ങൾ, ഗസ്സ സ്‌ക്വയറുകൾ, ഐക്യദാർഢ്യ ബാഡ്ജ് വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ പറഞ്ഞു.
അതേസമയം മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് തുറക്കുകയാണ്. രണ്ടര ലക്ഷത്തോളം കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. എറണാകുളം എളമക്കര ഗവര്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും.
Adjust Story Font
16