കെ- സ്വിഫ്റ്റിന് കൈമാറാൻ കൊണ്ടുവന്ന ബസിടിച്ച് അപകടം; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
ബസിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെങ്കിലും ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് കൈമാറാന്‍ കൊണ്ടുവന്ന എ.സി ബസ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം അമരവിളയിലായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും പരാതി ലഭിച്ചതിനെതുടര്‍ന്ന് പാറശ്ശാല പൊലീസ്, ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിലെ കമ്പനിയില്‍ നിന്ന് തിരുവനന്തപുരം ആനയറയിലുള്ള സ്വഫ്റ്റിന്‍റെ ആസ്ഥാനത്തേക്കാണ് ബസ് പുറപ്പെട്ടത്. അമരവിള സ്വദേശി ദീപുവിന്‍റെ കാറിന് പിന്നിലാണ് ബസിടിച്ചത്. അമിത വേഗതയിലായിരുന്ന ബസ് മറ്റ് വാഹനങ്ങളെയും തട്ടിയിരുന്നെന്ന് ദീപു ആരോപിച്ചു. ദീപുവിന്‍റെ പരാതിയിലാണ് ബസും ഡ്രൈവര്‍ മുനിയപ്പ രാമസ്വാമിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ബസില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെങ്കിലും ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. അധികാരികളുമായി നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷമാണ് ബസ് വിട്ടുനല്‍കിയത്. ദീര്‍ഘദൂര സര്‍വീസിനായി സ്വിഫ്റ്റ് കമ്പനി വാങ്ങിയ അശോക് ലൈലാന്‍ഡിന്‍റെ എ.സി ബസാണിത്. ബി സിക്സ് ശ്രേണിയില്‍പെട്ട ആഡംബര ബസിന്‍റെ വില 47.12 ലക്ഷം രൂപയാണ്.
Adjust Story Font
16