എ.ഐ.കാമറകൾ വന്നതോടെ അപകടമരണങ്ങൾ കുറഞ്ഞു: ഗതാഗത മന്ത്രി
വാഹന നിയമലംഘനങ്ങൾ നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ.കാമറകൾ പ്രവർത്തനം തുടങ്ങിയതോടെ അപകടമരണങ്ങൾ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു. കഴിഞ്ഞവർഷം ജൂണിൽ വാഹനാപകടങ്ങളിൽ 344 മരണങ്ങളാണ് രേഖപ്പെടുത്തിയത്. എന്നാൽ എ.ഐ.കാമറകൾ പ്രവർത്തനം തുടങ്ങിയ ഈ വർഷം ജൂണിൽ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
വാഹനാപകടങ്ങളിൽപ്പെട്ട് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കാമറകൾ സ്ഥാപിക്കും മുൻപ് നാലര ലക്ഷത്തോളമായിരുന്നു വാഹന നിയമലംഘനങ്ങൾ. ഇപ്പോൾ ഇത് നാലിലൊന്നായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
നഗരത്തിലെ യാത്ര സൗകര്യങ്ങളിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഓണത്തിന് മുൻപ് പുതിയ 113 സിറ്റി സർക്കുലർ ബസുകൾ ഉൾപ്പെടെ 163 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കേശവദാസപുരം റസ്റ്റ് റൂമിന്റെയും പട്ടത്തെയും പൊട്ടക്കുഴിയിലെയും ഹൈടെക് ബസ് ഷെൽട്ടറുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Adjust Story Font
16