Quantcast

'കൃത്യം നടത്തിയത് കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം മൂലം'; പത്മകുമാറിന്റെ മൊഴി

"പണം നൽകിയിട്ടും മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ല, കുടുംബത്തെ ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യം''

MediaOne Logo

Web Desk

  • Updated:

    2023-12-01 15:35:01.0

Published:

1 Dec 2023 2:21 PM GMT

Accused Padmakumars statement in Kollam Child kidnap
X

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമെന്ന് മുഖ്യപ്രതി പത്മകുമാറിന്റെ മൊഴി. പണം നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പത്മകുമാർ പൊലീസിന് മൊഴി നൽകി.

5 ലക്ഷം രൂപ കുട്ടിയുടെ അച്ഛന് നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ല എന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ഈ പണം തിരികെ നൽകിയിട്ടില്ല എന്നും ഇയാൾ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയിരുന്നതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ പൊലീസ് മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. പത്മകുമാർ പറഞ്ഞ കാരണം കുറ്റകൃത്യത്തിലേക്ക് നയിക്കുമോ എന്നതിലാണ് സംശയം. അടൂരിലെ കെ.എ.പി ക്യാംപിൽ പത്മകുമാറിന്റെയും ഭാര്യയുടെയും മകളുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. കൃത്യത്തിൽ ഇയാളുടെ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കുട്ടി തിരിച്ചറിഞ്ഞിട്ടുമില്ല.

പത്മകുമാർ ഇന്നലെയും ചിറക്കര ക്ഷേത്രത്തിന് സമീപമുള്ള ഇവരുടെ ഫാം ഹൗസിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. നീല കാറിൽ ഉച്ചയോടെയാണ് കുടുംബം ഫാം ഹൗസിലെത്തിയത്. അൽപസമയത്തിനുള്ളിൽ തന്നെ മടങ്ങുകയും ചെയ്തു. ഫാം ഹൗസിനുള്ളിൽ ഓടിട്ട കെട്ടിടമുണ്ട്. ഓടിട്ട വലിയ വീട്ടിലാണ് രാത്രി താമിസിപ്പിച്ചതെന്നാണ് കുട്ടിയുടെ മൊഴി.

കൃത്യത്തിലുടനീളം പ്രതികൾ സ്വന്തം ഫോൺ ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. ഇത് തന്നെയായിരുന്നു കുട്ടിയുടെ മൊഴിയും.

കുട്ടി നൽകിയ വിവരങ്ങളാണ് പ്രധാനമായും പ്രതിയിലേക്കെത്താൻ പൊലീസ് ഉപയോഗിച്ചത്. ചിറക്കര ക്ഷേത്രത്തിന് സമീപം കാറിന്റെ സിസിടിവി ദൃശ്യങ്ങളില്ല എന്നതായിരുന്നു ഏറ്റവും നിർണായകമായ തെളിവ്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രപരിസരത്ത് ഒളിസങ്കേതമുണ്ടാവാം എന്ന നിഗമനത്തിൽ പൊലീസെത്തി.

ഇന്നലെ വൈകിട്ട് രേഖാചിത്രം പുറത്തു വിട്ടതോടെ ഇയാളെക്കുറിച്ച് പലരും ചില വിവരങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും അന്വേഷണം പത്മകുമാറിലേക്ക് തന്നെ നയിച്ചു. ഇതിനിടെ പ്രതികൾ സഞ്ചരിച്ച കാറിന്റെ നമ്പർ ലഭിച്ചതും രക്ഷയായി.

ഇന്നലെ വൈകുന്നേരം മുതൽ തന്നെ പത്മകുമാറിനെയും കുടുംബത്തെയും ഷാഡോ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം.

TAGS :

Next Story