Quantcast

കോഴിക്കോട് ഷിബില വധക്കേസിൽ ​ഗ്രേഡ് എസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

ഷിബില നൽകിയ പരാതി ഗൗരവത്തോടെ എടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നൗഷാദിനെ സസ്‌പെൻഡ് ചെയ്തിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2025-04-09 05:48:24.0

Published:

9 April 2025 10:43 AM IST

Action Withdrawn of Grade SI in Thamarassery Who Suspended in Shibila Murder Case
X

കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില വധക്കേസിൽ നടപടിക്ക് വിധേയനായ പൊലീസ് ഉദ്യോ​ഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.കെ നൗഷാദിൻ്റെ സസ്പെൻഷനാണ് പിൻവലിച്ചത്. തെറ്റുകാരനല്ലെന്ന് കണ്ടെത്തിയാണ് ഉത്തരവ്. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

ഷിബില നൽകിയ പരാതി ഗൗരവത്തോടെ എടുത്തില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നൗഷാദിനെ സസ്‌പെൻഡ് ചെയ്തിരുന്നത്. അന്വേഷണത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. പരാതി വന്നപ്പോൾ തന്നെ എസ്എച്ച്ഒയോട് നിടപടിക്ക് നിർദേശിച്ചിരുന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമായതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്.

ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ പരാതിയിൽ പൊലീസീന്റെ ഭാഗത്തുനിന്നും കൃത്യമായ നടപടിയുണ്ടായില്ലെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചിരുന്നു. ഭർത്താവ് യാസിറിന്റെ ഭീഷണിയും ലഹരി ഉപയോ​ഗവും സംബന്ധിച്ച് ഫെബ്രുവരി 28ന് പരാതി നൽകിയിരുന്നെന്നും എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം കുടുംബത്തോട് മധ്യസ്ഥ ചർച്ചയ്ക്കാണ് പൊലീസ് ശ്രമിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഗ്രേഡ് എസ്‌ഐ കെ.കെ നൗഷാദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. യാസിറിനെതിരെ പരാതി നൽകിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപിച്ചിരുന്നു. ഷിബിലയെ കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു.

പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.‌ യാസിറിനെതിരായ പരാതി അന്വേഷിക്കാത്തതിലാണ് കേസെടുത്തത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റൂറൽ എസ്പിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

മാർച്ച് 19നാണ് കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നത്. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ‌ഷിബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചു. ആക്രമണത്തിൽ ഭാര്യാ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും പരിക്കേറ്റിരുന്നു. ആക്രമണത്തിന് പിന്നിൽ കുടുംബവഴക്കാണെന്നും യാസിർ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

യാസിറിനെതിരെ ഷിബിലെ ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസില്‍ പരാതി നൽകിയിരുന്നു. യാസിർ നിരന്തരം അക്രമിക്കുന്നതായും ചെലവിന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യാസിർ സ്ഥിരമായ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഷിബില പറഞ്ഞിരുന്നു. നാല്​ വർഷം മുമ്പ്​ പ്രണയ വിവാഹമായിരുന്നു ഇവരുടേത്​.





TAGS :

Next Story