38460 കോവിഡ് രോഗികളും 54 മരണവും, പാര്‍ട്ടി ആസ്ഥാനത്ത് കരിമരുന്ന് പ്രയോഗം: വിമര്‍ശനവുമായി ഹരീഷ് പേരടി
'ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്‍റെ കുഴപ്പമാണ്. ക്ഷമിക്കുക'
തുടര്‍ഭരണം ലഭിച്ച സന്തോഷം എകെജി സെന്‍ററില്‍ കരിമരുന്ന് പ്രയോഗം നടത്തി ആഘോഷിച്ചതിനെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. കോവിഡ് അതിവ്യാപനത്തിനിടെയുള്ള സിപിഎം ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ചത് മനസ്സിലാക്കാം. പിപിഇ കിറ്റ് അണിഞ്ഞ് ആബുലൻസിനായി കാത്തുനിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡിവൈഎഫ്ഐ സഖാക്കളുടെ കമ്യൂണിസം മനസ്സിലാക്കാൻ പറ്റുന്നുണ്ട്. പക്ഷേ 38460 പുതിയ കോവിഡ് കേസുകളും 54 മരണവും ഉണ്ടായ ദിവസം സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് ഹരീഷ് പേരടി പറഞ്ഞത്.
ചരിത്ര വിജയത്തിന്‍റെ തിളക്കം ദീപം തെളിയിച്ചും പൂത്തിരി കത്തിച്ചുമാണ് ഇടതു മുന്നണി പ്രവർത്തകർ ആഘോഷിച്ചത്. കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വീടുകൾക്കുള്ളിൽ വിജയാഘോഷം നടത്താൻ എൽഡിഎഫ് ആഹ്വാനം ചെയ്തത്. തെരുവിൽ ഇറങ്ങിയുള്ള ആൾക്കൂട്ടങ്ങളുടെ ആഘോഷം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ക്ലിഫ്ഹൗസിൽ കുടുംബസമേതമാണ് ആഘോഷത്തിൽ പങ്കെടുത്തത്.
സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ തൃശൂരിലെ വീട്ടിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിലും ദീപം തെളിയിച്ചു. മന്ത്രി കെ കെ ശൈലജ, മുൻ മന്ത്രി ഇ പി ജയരാജൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഹരീഷ് പേരടിയുടെ കുറിപ്പ്
പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു. പിപിഇ കിറ്റ് അണിഞ്ഞ് ആബുലൻസിന്‍റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കോവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് ഡിവൈഎഫ്ഐ സഖാക്കളുടെ കമ്യൂണിസം എനിക്ക് 101% വും മനസ്സിലാക്കാൻ പറ്റുന്നുണ്ട്. 38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്വപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല. ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിന്‍റെ കുഴപ്പമാണ്. ക്ഷമിക്കുക.
പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള...
Posted by Hareesh Peradi on Friday, May 7, 2021
Adjust Story Font
16