Quantcast

ബലാത്സംഗക്കേസ്; സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രിം കോടതിയില്‍

മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളാണ് സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 Sep 2024 12:51 AM GMT

Sidhique
X

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളാണ് സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ച് അഞ്ചു ദിവസം പിന്നിടുമ്പോഴും പൊലീസിന് സിദ്ദീഖിനെ കണ്ടെത്താനായിട്ടില്ല. സിദ്ദീഖിനെതിരെ സുപ്രിം കോടതിയിൽ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. അന്വേഷണ സംഘം മേധാവി പൂങ്കഴലിക്ക് പിന്നാലെ എസ് പി മെർലിൻ ജോസഫും ഇന്നലെ ഡൽഹിയിലെത്തിയിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുമായി മെർലിൻ ജോസഫും കൂടിക്കാഴ്ച നടത്തി. 62 മത്തെ ഹരജിയായിട്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരും അതിജീവിതയും നേരത്തെ തടസവാദ ഹരജി സമർപ്പിച്ചിരുന്നു.

പൊതുപ്രവർത്തകനായ നവാസ് പായിച്ചിറയാണ് ഇന്നലെ പുതിയ തടസവാദ ഹരജി ഫയൽ ചെയ്തത്. സിദ്ദീഖിന് ജാമ്യം നൽകരുതെന്നും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. അതേസമയം ഹേമ കമ്മറ്റിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുൻകൂർ ജാമ്യം ലഭിച്ച നടന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നവാസ് നൽകിയിട്ടുണ്ട്. നേരത്തെ നവാസിന്‍റെ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

TAGS :

Next Story