Quantcast

ബലാത്സംഗ കേസ്: നടന്‍ വിജയ് ബാബു അറസ്റ്റില്‍

അറസ്റ്റ് ചെയ്യുകയാണെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകണം എന്നാണ് കോടതിയുടെ നിർദേശം.

MediaOne Logo

Web Desk

  • Updated:

    2022-06-27 06:17:54.0

Published:

27 Jun 2022 11:40 AM IST

ബലാത്സംഗ കേസ്: നടന്‍ വിജയ് ബാബു അറസ്റ്റില്‍
X

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകണം എന്നാണ് കോടതിയുടെ നിർദേശം.

വിജയ് ബാബുവിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും. ക്രൌണ്‍ പ്ലാസ, മരടിലെ ഫ്ലാറ്റ്, പനമ്പിള്ളി നഗറിലെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ എത്തിച്ചാകും തെളിവെടുപ്പ്. ജൂണ്‍ 27 മുതല്‍ ജൂലൈ 5 വരെ ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കോടതി വിജയ് ബാബുവിന് നിര്‍ദേശം നല്‍കിയിരുന്നു.

ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഫേസ് ബുക്ക് ലൈവില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. സി.സി.ടി.വി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതോടെ നടി ആരോപണം ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്‍റെ വാദം.

കേസിന് പിന്നാലെ ദുബൈയിലേക്ക് കടന്ന വിജയ് ബാബുവിന് പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിയേയോ കുടുബത്തെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സോഷ്യല്‍ മീഡിയ വഴി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരണമുണ്ടാകരുത്, പൊലീസിന്‍റെ അനുമതിയില്ലാതെ കേരളം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

TAGS :

Next Story