നടിയെ അക്രമിച്ച കേസിൽ ഇന്ന് പ്രത്യേക സിറ്റിങ്; അടച്ചിട്ട മുറിയിൽ രഹസ്യവാദം നടക്കും
ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് നടിയുടെ ഹരജി പരിഗണിക്കുന്നത്
കൊച്ചി: നടിയെ അക്രമിച്ച കേസിൽ വിചാരണാകോടതി മാറ്റത്തിനെതിരെയുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. നടിയുടെ ഹരജിയിലാണിത്. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുന്നത്.
വിചാരണ എറണാകുളം സ്‌പെഷ്യൽ സി.ബി.ഐ കോടതിയിൽനിന്ന് സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹരജിയിൽ അടച്ചിട്ടമുറിയിലെ രഹസ്യവാദം നടക്കുന്നത്. കേസിൽ കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു. നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹരജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാൻ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യൽ ഉത്തരവ് നിലനിൽക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയിൽ പറയുന്നു.
Summary: A special sitting in Kerala high court will be held today in a closed room in the actress assault case
Adjust Story Font
16