ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റി, എതിര്‍പ്പുമായി ഡബ്ല്യു.സി.സി; നടിയെ ആക്രമിച്ച കേസ് വീണ്ടും വിവാദത്തിലേക്ക്
മേധാവി മാറിയതോടെ കാവ്യ മാധവനെ അടക്കം ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുക്കുന്നത് നീളുകയാണ്.
കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ മാറ്റിയ സർക്കാർ നടപടിക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി തന്നെ രംഗത്ത് എത്തിയതോടെ നടിയെ ആക്രമിച്ച കേസ് വീണ്ടും വിവാദത്തിലേക്ക്. മേധാവി മാറിയതോടെ കാവ്യ മാധവനെ അടക്കം ചോദ്യം ചെയ്യുന്നതിൽ തീരുമാനമെടുക്കുന്നത് നീളുകയാണ്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം മാത്രം ശേഷിക്കേ ആയിരുന്നു ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥാനമാറ്റം. മുൻ അന്വേഷണത്തിൽ കണ്ടെത്താനാകാത്തതും കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളും ഉൾപ്പെടെ നിർണായക തെളിവുകൾ തുടരന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. കേസ് ശരിയായ ദിശയിലെന്ന വിലയിരുത്തലുകൾക്കിടെയുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
സർക്കാർ നടപടി ദുരൂഹമാണെന്ന് പ്രതിപക്ഷവും അന്വേഷണത്തെ ബാധിക്കുമെന്ന് സി.പി.ഐ നേതാവ് ആനി രാജയും തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിതക്കൊപ്പം തുടക്കം മുതലേ ഉറച്ചു നിൽക്കുന്ന സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മ തന്നെ ആശങ്ക വ്യക്തമാക്കിയത്. ഇതോടെ തീരുമാനത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. ഉത്തരവ് വന്നതിന് പിന്നാലെ കേസന്വേഷണവും മന്ദഗതിയിലാണ്. കാവ്യ മാധവനെ പുതിയ നോട്ടീസ് നൽകി ചോദ്യംചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതിൽ പിന്നീട് തുടർനടപടി ഉണ്ടായില്ല. തീരുമാനത്തിന് പുതിയ മേധാവിയുടെ അനുമതി അന്വേഷണ സംഘത്തിന് വേണം.
ഹാക്കർ സായ് ശങ്കറിനെ വീണ്ടും ചോദ്യംചെയ്യാനും കഴിഞ്ഞിട്ടില്ല. പുതിയ മേധാവി എത്തിയാലും ചുരുങ്ങിയ ദിവസം കൊണ്ട് കേസന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. തുടരന്വേഷണത്തിനുള്ള സമയപരിധി മെയ് 30ന് അവസാനിക്കും.
ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞങ്ങൾക്ക് ആശങ്കയുണ്ട്
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ,എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്.
വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. #അവൾക്കൊപ്പം
Adjust Story Font
16