പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസ്: അക്യുപങ്ചർ ചികിത്സകൻ അറസ്റ്റിൽ
സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു
തിരുവനന്തപുരം: നേമത്ത് വീട്ടിൽ നടന്ന പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെ നാളെ വൈകീട്ട് വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഇരുപ്രതികളും ഉച്ചമുതൽ നേമം പൊലീസ് സ്റ്റേഷനിലുണ്ട്. ശിഹാബുദ്ദീനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കുന്നതിനിടെ നാടകീയ സംഭവങ്ങളാണ് സ്റ്റേഷനിലുണ്ടായത്. സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. പൊലീസുകാർ നയാസിനെ ചാടിപ്പിടിച്ചതിനാൽ ശിഹാബുദ്ദീനെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയില്ല.
മനഃപൂർവമല്ലാത്ത നരഹത്യ, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭം അലസിപ്പിക്കൽ, ഗർഭം അലസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത പ്രവൃത്തി മൂലമുള്ള മരണം എന്നിവയാണ് ഇരുപ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മരിച്ച ഷെമീറ ബീവിക്ക് ആശുപത്രിയിൽ കൊണ്ടുപോയി ആധുനിക ചികിത്സ നൽകാതിരുന്നതിൽ ശിഹാബുദ്ദീന് കൂടി പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് പൊലീസ് നടപടി. അറസ്റ്റ് ഭയന്ന് എറണാകുളത്തേക്ക് കടന്ന ശിഹാബുദ്ദീനെ നേമം പൊലീസ് എറണാകുളത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ നയാസിനെ വിശദമായി ചോദ്യം ചെയ്യാനായി നാളെവരെ കസ്റ്റഡിയിൽ വാങ്ങി. ശിഹാബുദ്ദീൻ, ഷെമീറയെ അക്യുപങ്ചർ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശിഹാബുദ്ദീന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത അത്യന്തം ദാരുണമായ സംഭവമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. നയാസ് ഏത് സാഹചര്യത്തിലാണ് അക്യുപഞ്ചർ ചികിത്സയിലേക്ക് എത്തിയതെന്നത് അത്ഭുതകരമാണെന്നും കേരള സമൂഹം ഗൗരവത്തോടെ കാണേണ്ട സംഭവമാണിതെന്നും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് ബോധവത്കരണം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ആശാവർക്കറും ആരോഗ്യപ്രവർത്തകരും എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ നയാസിന്റെ ഭാഗത്ത് നിന്നുണ്ടായത് നിഷേധാത്മകമായ നിലപാടായിരുന്നുവെന്നും അവർ പറഞ്ഞു. ഷമീറക്കും കുട്ടികൾക്കും വേണ്ടത്ര പരിചരണം നയാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പറഞ്ഞു. ഇത്തരം തെറ്റായ പ്രവണതകൾ ഗൗരവത്തോടുകൂടി കാണണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, നയാസിനെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാൾ ഷമീറയെ ആശുപത്രിയിൽ കൊണ്ടു പോകാൻ തയ്യാറായില്ലെന്നും ആശാവർക്കർ പറഞ്ഞു. ഷമീറക്ക് നയാസ് ചികിത്സ നൽകിയില്ലെന്നും കുറ്റപ്പെടുത്തി.
Adjust Story Font
16