Quantcast

തൃശൂർ പൂരം കലക്കൽ; ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ച് എം.ആർ അജിത് കുമാർ

ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു അന്നത്തെ നിർദേശമെങ്കിലും അഞ്ച് മാസം കഴിഞ്ഞിട്ട് വീണ്ടും അന്ത്യശാസനം നൽകിയ ശേഷമാണ് എഡിജിപി ഇതിന് തയാറായത്.

MediaOne Logo

Web Desk

  • Updated:

    2024-09-21 17:29:44.0

Published:

21 Sep 2024 3:26 PM GMT

ADGP MR Ajith kumar Submitt investigation report on thrissur pooram issue
X

തിരുവനന്തപുരം: വിവാദങ്ങൾക്കു പിന്നാലെ, ത്യശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം.ആർ അജിത്കുമാർ. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബിനാണ് റിപ്പോർട്ട്‌ നൽകിയത്. ഇന്ന് വൈകീട്ട് ദൂതൻ വഴിയാണ് എഡിജിപി റിപ്പോർട്ട്‌ കൈമാറിയത്. 600 പേജുള്ള റിപ്പോർട്ടാണ് കൈമാറിയത്. റിപ്പോർട്ട്‌ നാളെ ഡിജിപി പരിശോധിക്കും. തുടർന്ന് കുറിപ്പോടു കൂടി മുഖ്യമന്ത്രിക്ക് കൈമാറും.

റിപ്പോർട്ട് ഇന്നുതന്നെ സമർപ്പിക്കണമെന്ന അന്ത്യശാസനത്തെ തുടർന്നായിരുന്നു ഇത്. നേരത്തെ, ഈ മാസം 24ന് മുൻപ് റിപ്പോർട്ട്‌ സമർപ്പിക്കാനാണ് നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വീണ്ടും വിവാദം ഉയർന്നതോടെയാണ് അന്ത്യശാസനം നൽകിയത്. പൂരം കലക്കലിൽ ആരോപണവിധേയനായ പൊലീസ് ഉദ്യോ​ഗസ്ഥൻ തന്നെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

അതിനാൽ ആരെയൊക്കെ പഴിചാരിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നത് ഇതിന്റെ ഉള്ളടക്കം പുറത്തുവന്നാൽ മാത്രമേ അറിയാനാവൂ. പൂരം അലങ്കോലമായതിനെ കുറിച്ച് അന്വേഷിക്കാൻ അഞ്ചു മാസം മുൻപാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു അന്നത്തെ നിർദേശമെങ്കിലും അഞ്ച് മാസം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

ഇതിനിടെ, പൂരം അലങ്കോലമായതിൽ അന്വേഷണം നടന്നില്ലെന്ന ഡിജിപിയുടെ ഓഫീസിൽനിന്നുള്ള വിവരാവകാശ മറുപടി പുറത്തുവരികയും ഇത് വിവാദമാവുകയും ഇതിനെതിരെ വിമർശനവുമായി സിപിഐ നേതാവ് വി.എസ് സുനിൽകുമാർ അടക്കമുള്ളവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ എഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.

തുടർന്ന്, പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് തേടി വി.എസ് സുനിൽകുമാർ ആഭ്യന്തരവകുപ്പിന് വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്, അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ എന്നിവ നൽകണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നില്ലെന്ന വിവരാവകാശ മറുപടിയിൽ ഡിവൈഎസ്പിയെ സർക്കാർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ് സന്തോഷിനെതിരെയാണ് നടപടിയെടുത്തത്.

പൂരവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് സന്തോഷിനെ സസ്പെൻഡ് ചെയ്തത്. ഉദ്യോ​ഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

TAGS :

Next Story