ഒരു വർഷത്തെ ആസൂത്രണം, പരാജയപ്പെട്ടത് രണ്ട് ശ്രമങ്ങൾ: എ.ഡി.ജി.പി
കാറിൽ വെച്ച് കുട്ടിക്ക് ഗുളിക നൽകി, കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത് അനിതാകുമാരി
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമെന്ന് എഡിജിപി എം.ആർ അജിത്കുമാർ. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നുവെന്നും മറ്റ് പല സ്ഥലങ്ങളിലും കിഡ്‌നാപ് ചെയ്യാൻ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
കേസിനെക്കുറിച്ചും പ്രതികളിലേക്കെത്തിയതിനെ കുറിച്ചും എഡിജിപി പറയുന്നതിങ്ങനെ:
കേസിന്റെ ആദ്യ ദിവസം തന്നെ ലഭിച്ച ഒരു സുപ്രധാന തെളിവിൽ നിന്നാണ് പ്രതി ചാത്തന്നൂരിൽ നിന്നുള്ള ആളാണെന്ന് പൊലീസ് മനസ്സിലാക്കുന്നത്. ആ സൂചനയിൽ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. പത്മകുമാർ കംപ്യൂട്ടർ ബിരുദധാരിയാണ്. കോവിഡിനെ തുടർന്ന് ഇയാൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിനെ മറികടക്കാനാണ് കുട്ടികളെ കിഡ്‌നാപ് ചെയ്യാനുള്ള തീരുമാനത്തിലെത്തുന്നത്. ഇതിനായി ഒരു വർഷം മുമ്പ് തന്നെ ഇയാൾ ആസൂത്രണം തുടങ്ങിയിരുന്നു.
കാറിന് വ്യാജ നമ്പർ നിർമിക്കുകയായിരുന്നു ആദ്യ പടി. കിഡ്‌നാപ്പിങ് നടത്താൻ സൗകര്യമുള്ള സ്ഥലവും കുട്ടികളെയും തിരഞ്ഞ് കുടുംബം കാറിൽ പരിസരത്ത് കറങ്ങാറുണ്ടായിരുന്നുവെന്നാണ് വിവരം. അധികം ശ്രദ്ധയിൽപ്പെടാത്തതും കൈകാര്യം ചെയ്യാനെളുപ്പവുമായ കുട്ടികളെയായിരുന്നു പ്രതികൾക്ക് ആവശ്യം. സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്നേയാണ് ഓയൂരിലെ കുട്ടിയും സഹോദരനും ശ്രദ്ധയിൽപ്പെടുന്നത്.
പിന്നെയും രണ്ട് മൂന്ന് തവണ ഇവർ പരിസരത്ത് തമ്പടിക്കുകയും കുട്ടിയെ കാണുകയും ചെയ്തു. കുട്ടിയെ തട്ടിയെടുക്കാൻ രണ്ടു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവദിവസം നാലു മണിയോടെ കുട്ടികൾക്കടുത്തെത്തിയ ഇവർ ആദ്യം മൂത്ത കുട്ടിയെയാണ് ലക്ഷ്യമിട്ടത്. എന്നാൽ അത് നടക്കാതെ വന്നതോടെ ആറുവയസുകാരിയിലേക്കായി. കുട്ടി ബഹളം വെച്ചെങ്കിലും അച്ഛനെ കാണിക്കാമെന്ന് പറഞ്ഞതിനാലോ മറ്റോ കുറച്ചു സമയത്തിന് ശേഷം ബഹളം ഒതുങ്ങി.
ഇതിനിടെ കാറിൽ വെച്ച് കുട്ടിക്ക് പ്രതികൾ ഗുളിക നൽകിയതായും പറയുന്നു. പിന്നീടാണ് വൈകിട്ട് ഇവരുടെ വീട്ടിലെത്തിക്കുന്നത്. ഇടയ്ക്ക് കുട്ടിയിൽ നിന്ന് മാതാവിന്റെ ഫോൺ നമ്പർ വാങ്ങി കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിനിടെ സംഭവം വലിയ വാർത്തയായതും അറിഞ്ഞിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഫോൺ പോലും ഉപയോഗിക്കാതെയായിരുന്നു പ്രതികളുടെ നീക്കം.
തങ്ങൾക്കായി പൊലീസ് വല വിരിച്ചിട്ടുണ്ടെന്നറിഞ്ഞതോടെ പിറ്റേദിവസം 11 മണിക്ക് കുട്ടിയെ പ്രതികൾ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. അനിതാകുമാരിയാണ് ഓട്ടോയിലെത്തി കുട്ടിയെ മൈതാനത്തിന് പരിസരത്ത് ഇരുത്തിയത്.
പിന്നീട് തിരിച്ച് വാഹനത്തിൽ കാത്തിരുന്ന മകളുമായി വീട്ടിലേക്ക് തിരിച്ചു. ശേഷമാണ് തെങ്കാശിയിലേക്ക് പോകാനുള്ള തീരുമാനം. തെങ്കാശിയിൽ പത്മകുമാറിന് കൃഷിയുണ്ട്. ഇവിടെ മുറിയെടുത്ത ശേഷം ഹോട്ടലിലിരിക്കവേയാണ് പിടിയിലാവുന്നത്.
അനിതകുമാരിയുടെ ശബ്ദം തന്നെയാണ് കേസിലെ സുപ്രധാന തെളിവ്. മൊബൈൽ വീട്ടിൽ വെച്ചിട്ടാണ് പ്രതികൾ കൃത്യം നടത്തിയത്. പാരിപ്പള്ളിയിലെത്തി വണ്ടിയുടെ നമ്പർ പ്ലേറ്റ് ഒറിജിനൽ ആക്കി. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒറിജിനൽ നമ്പർ പ്ലേറ്റ് ആണ് പ്രതികൾ ഉപയോഗിക്കുക. പിന്നീട് പാരിപ്പള്ളി ഹൈവേയിൽ വെച്ച് ഇത് മാറ്റും. യാത്ര കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പോൾ നമ്പർ ഒറിജിനലാക്കും.
ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ഫോണിന്റെ ലൊക്കേഷൻ ലഭിച്ചത്. ആശ്രാമം മൈതാനത്തിന്റെ പരിസരം തന്നെയായിരുന്നു ലൊക്കേഷൻ. അന്ന് തന്നെ കൊല്ലം ഡാൻസാഫ് ടീം വീട് ലൊക്കേറ്റ് ചെയ്തു.
ഇതിനിടെ കുട്ടിയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഈ വിവരങ്ങളും വെച്ചാണ് പ്രതികളെ കുടുക്കിയത്.
updating
Adjust Story Font
16