നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും; എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ച അടിയന്തരപ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം
പി.വി അൻവർ ഇന്ന് നിയമസഭയിൽ എത്തും. എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് അൻവർ സഭയിൽ എത്തുന്നത്
തിരുവനന്തപുരം: എഡിപിജി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടികാഴ്ച നിയമസഭയിൽ പ്രതിപക്ഷം ഇന്ന് ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.
കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രമേയം പരിഗണനയ്ക്ക് എടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിക്കും.
അതേസമയം കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ ക്ഷണിക്കലിൽ ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. സ്വർണ്ണക്കച്ചവടത്തിലെ നികുതി ചോർച്ച അടക്കമുള്ള വിഷയങ്ങൾ ഇന്ന് സഭയിൽ ചോദ്യോത്തരവേളയിൽ ഉയർന്നുവരുന്നുണ്ട്
നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇന്ന് നിയമസഭയിൽ എത്തും. എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് അൻവർ സഭയിൽ എത്തുന്നത്. പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലാണ് അൻവറിന്റെ ഇരിപ്പിടം. ഇത് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് സ്പീക്കർ രേഖാമൂലം അൻവറിനെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അൻവറിനോടുള്ള ഭരണ- പ്രതിപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
Adjust Story Font
16