എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; സഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ വാക്പ്പോര്, പനി കാരണം മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല
ആർഎസ്എസിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണെന്നും അതിനുദാഹരണമാണ് മഞ്ചേശ്വരം കേസിൽ സുരേന്ദ്രൻ കുറ്റവിമുക്തനായതെന്നും പ്രതിപക്ഷം
തിരുവനന്തപുരം: ഭരണപക്ഷ പ്രതിപക്ഷ വാക്പ്പോരായി എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ച. പനിയും തൊണ്ടവേദനയും കാരണം മുഖ്യമന്ത്രി ചർച്ചയിൽ പങ്കെടുത്തില്ല. മഖ്യമന്ത്രിക്ക് ശബ്ദ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചുവെന്ന് സ്പീക്കർ എ.എൻ ഷംസീറാണ് സഭയെ അറിയിച്ചത്.
പ്രമേയം അവതരിപ്പിച്ച എൻ.ഷംസുദ്ദീൻ എംഎൽഎ മുഖ്യമന്ത്രിയെയും സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ചു. എഡിജിപിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ല. ആർഎസ്എസ് ക്യാമ്പിൽ പോയി എം ആർ അജിത് കുമാർ മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയതും റാം മാധവിനെ കോവളത്ത് പോയി ചർച്ച നടത്തിയത് ഇൻറലിജൻസ് റിപ്പോർട്ട് ആയി ലഭിച്ചിട്ടും മുഖ്യമന്ത്രിയോ ആഭ്യന്തരവകുപ്പോ എന്തിനാണ് ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് ഉദ്യോഗസ്ഥനോട് ഇതുവരെ ചോദിച്ചില്ലെന്നും, അതിനുള്ള ധൈര്യം സർക്കാരിനില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു.
സ്വർണ്ണകടത്തും സ്വർണ്ണം പൊട്ടിക്കലും എല്ലാ എഡിജിപി നടത്തുന്നുവെന്ന് പറഞ്ഞത് ഞങ്ങളല്ല. മുഖ്യമന്ത്രി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ എന്തൊക്കെയാണ് പറഞ്ഞത്. എന്ത് ദേശ വിരുദ്ധ പ്രവർത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണ്ണം വരുന്നുണ്ടെങ്കിൽ അത് തടയേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളാണ്. അത് തടയാൻ കഴിയില്ലെങ്കിൽ രാജിവച്ച് പുറത്ത് പോകണം.
മലപ്പുറത്തെ പാവപ്പെട്ട ജനതയെ നിങ്ങൾ ക്രൂശിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് പി.ആർ ഏജൻസിക്ക് എഴുതി കൊടുക്കണം എന്ന് നിർദ്ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം ന്യൂനപക്ഷത്തെ ക്രൂശിക്കുന്ന സമീപനമാണ് സർക്കാരിന്റെത്. ന്യൂനപക്ഷത്തെ ആക്രമിച്ചുകൊണ്ട് വർഗീയ പ്രീണനത്തിന് ശ്രമിക്കുന്നത്. കോപ്പിയടിച്ചാണ് മലപ്പുറത്തെ കുട്ടികൾ പാസാക്കുന്നതെന്ന് ഒരാൾ പറഞ്ഞു. മലപ്പുറത്തെ ജനത്തെ തരാതരം പോലെ ആക്ഷേപിക്കുകയാണ് ഇടത് സർക്കാർ. അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നത്. ആർഎസ്എസിന് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുകയാണ്. അതിനുദാഹരണമാണ് മഞ്ചേശ്വരം കേസിൽ സുരേന്ദ്രൻ കുറ്റവിമുക്തനായത്. കുറ്റപത്രം വൈകിപ്പിച്ചതാരെന്ന് പറയണം. സുരേന്ദ്രൻ ഊരി പോകാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. കൊടകര കേസ് ആവിയായിപ്പോയി. ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള അന്തർധാര വളരെ ക്ലിയറാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസാരിച്ച പി.നന്ദകുമാർ എംഎൽഎ സർക്കാരിനെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമാണ് സംസാരിച്ചത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചരണം നടത്തുകയാണ്. മലപ്പുറം ജില്ലാ രൂപീകരണ ചരിത്രം പറഞ്ഞായിരുന്നു നന്ദകുമാർ സംസാരിച്ചത്. ഒരു സമുദായത്തെ പ്രീണിപ്പിക്കാനാണ് ജില്ലാ രൂപീകരണം എന്ന് കരുണാകരൻ പറഞ്ഞു. സംഘപരിവാർ പ്രവർത്തകനെ ഇഎംഎസിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. തൊഴിലാളി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ നിയമസഭയിലേക്ക് കടന്നു വന്ന ആളാണ് പിണറായിവിജയനെന്നും നന്ദകുമാർ പറഞ്ഞു.
Adjust Story Font
16