കോഴിക്കോട് ആദിവാസി യുവാവ് ജീവനൊടുക്കിയ നിലയിൽ: മോഷണക്കുറ്റം ആരോപിച്ചതിന്റെ വിഷമത്തിലെന്ന് കുടുംബം
ഭാര്യയുടെ പ്രസവത്തിനായാണ് വയനാട്ടിൽ നിന്നും വിശ്വനാഥൻ മെഡിക്കൽ കോളജിലെത്തിയത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥൻ ആണ് മരിച്ചത്. പണം മോഷ്ടിച്ചെന്നാരോപിച്ച് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥന് വിഷമമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
ഭാര്യയുടെ പ്രസവത്തിനായാണ് വയനാട്ടിൽ നിന്നും വിശ്വനാഥൻ മെഡിക്കൽ കോളജിലെത്തിയത് .ഇന്നലെ പുലർച്ചെ മുതൽ വിശ്വനാഥനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൾ കോളജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പണവും മൊബൈലും മോഷ്ടിട്ടിച്ചെന്നാരോപിച്ച് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നെന്നും മറ്റൊരു പ്രശ്‌നവും വിശ്വനാഥനില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് സങ്കടപ്പെട്ട വിശ്വനാഥൻ മതിൽ ചാടിക്കടന്ന് പുറത്തേക്ക് പോവുകയായിരുന്നെന്ന് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നു .മോഷണം നടന്നെന്ന പരാതി വന്നപ്പോൾ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതാണെന്നും ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ആശുപത്രിയിലുള്ള പട്ടികവർഗ്ഗ പ്രമോട്ടർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
Adjust Story Font
16