Quantcast

'ചടങ്ങിലേക്ക് ക്ഷണിച്ചത് കലക്ടർ, സംസാരിച്ചത് സദുദ്ദേശ്യത്തോടെ': പി.പി ദിവ്യ മുൻകൂർ ജാമ്യ ഹരജി നൽകി

യാത്രയയപ്പ് യോഗത്തിൽ സംസാരിക്കാൻ ക്ഷണമുണ്ടായിരുന്നുവെന്ന് ദിവ്യ

MediaOne Logo

Web Desk

  • Updated:

    2024-10-18 10:37:58.0

Published:

18 Oct 2024 10:24 AM GMT

ചടങ്ങിലേക്ക് ക്ഷണിച്ചത് കലക്ടർ, സംസാരിച്ചത് സദുദ്ദേശ്യത്തോടെ: പി.പി ദിവ്യ മുൻകൂർ ജാമ്യ ഹരജി നൽകി
X

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ മുൻകൂർ ജാമ്യ ഹരജി നൽകി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും തന്നെ ക്ഷണിച്ചത് കലക്ട‌റാണെന്നും ദിവ്യ ഹരജിയിൽ പറഞ്ഞു. യാത്രയയപ്പ് യോഗത്തിൽ സംസാരിക്കാൻ ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടറാണ് സംസാരിക്കാൻ ക്ഷണിച്ചത്. ചടങ്ങിൽ സംസാരിച്ചത് സദുദ്ദേശ്യത്തോടുകൂടിയാണെന്നും ഹരജിയിൽ പരാമർശിക്കുന്നുണ്ട്.

അഡ്വ. കെ. വിശ്വം മുഖേനയാണ് ഹരജി സമർപ്പിച്ചത്. യാത്രയയപ്പ് ദിവസം രാവിലെ കണ്ണൂർ കലക്ടർ അരുൺ കെ. വിജയനെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അദ്ദേഹം ആ പരിപാടിക്കിടെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങുണ്ടെന്ന കാര്യം തന്നോട് പറയുന്നതും ക്ഷണിച്ചതും. മറ്റ് പരിപാടികളിൽ തിരക്കിലായതിനാൽ കൃത്യസമയത്ത് തനിക്ക് ചടങ്ങിലെത്താനായില്ല. തുടർന്ന് പരിപാടി കഴിഞ്ഞുവോ എന്ന് കലക്ടറോട് വിളിച്ച് അന്വേഷിക്കുകയും ഇല്ലെന്ന് അദ്ദേഹം പറയുകയും തന്നോട് വരാൻ നിർദേശിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താൻ ചടങ്ങിലെത്തിയത്. നവീൻ ബാബുവിന് കൈക്കൂലി നൽകിയതായി വി.ടി പ്രശാന്ത് തന്നോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഗംഗാധരൻ എന്നയാളും സമാന ആക്ഷേപം തന്നോട് പറഞ്ഞിരുന്നു. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നതായി വിമർശനവും എഡിഎമ്മിനെതിരെ ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ ഇതെല്ലാം ചൂണ്ടിക്കാണിക്കുകയാണുണ്ടായത്. ചടങ്ങില്‍ പറഞ്ഞതെല്ലാം സദുദ്ദേശ്യത്തോടെയുള്ള കാര്യങ്ങളാണ്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭർത്താവും ഒരു പെൺകുട്ടിയും ഉണ്ടെന്നും അതുകൊണ്ട് മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നും ദിവ്യ ഹരജിയിൽ പറയുന്നുണ്ട്.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചാണ് അദ്ദേഹത്തിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നത്. പിന്നാലെ പള്ളിക്കുന്നിലെ വീട്ടിൽ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു നവീനെതിരെ ദിവ്യ ഉയർത്തിയ ആരോപണം. ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ഉൾപ്പെടെ വേദിയിലിരിക്കെയായിരുന്നു ആരോപണം ഉന്നയിച്ചത്.

TAGS :

Next Story