തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിക്കുന്നു; കൊട്ടിക്കലാശം നാളെ
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്‍റെ പരിസമാപ്തിയിലേക്ക് തൃക്കാക്കര അടുത്തുകഴിഞ്ഞു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം നാളെ. പ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടന്നതോടെ പരമാവധി വേഗത്തിലാണ് സ്ഥാനാർഥികൾ വോട്ട് തേടുന്നത്. നാളെ വൈകിട്ട് ആറ് മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും.
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്‍റെ പരിസമാപ്തിയിലേക്ക് തൃക്കാക്കര അടുത്തുകഴിഞ്ഞു. പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴാന്‍ ബാക്കിയുള്ളത് മണിക്കൂറുകള്‍ മാത്രം. സ്ഥാനാർഥികളുടെയും മുന്നണികളുടെയും മുന്‍പിലുള്ളത് ഇനി ഈ മണിക്കൂറുകളാണ്. അതിനുള്ളില്‍ പയറ്റാനുള്ള അടവെല്ലം പയറ്റണം. പോകാന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ പോകണം. വോട്ട് തേടണം. ദിവസങ്ങളായി തുടർന്നുവന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ ഇന്നലെയോടെ അവസാനിച്ചു. രണ്ടിടങ്ങളിലാണ് ഇന്നലെ ഇടവേളകളില്ലാതെ മുഖ്യമന്ത്രി ഓടിയെത്തി പ്രസംഗിച്ചത്. എങ്കിലും മന്ത്രിമാരും നേതാക്കളും ഇന്നും നാളെയും പ്രചാരണ രംഗത്ത് സജീവമാകും.
എല്‍.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് സന്ദർശിക്കാന്‍ ബാക്കി വെച്ച സ്ഥലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക. യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ് വെണ്ണല, കടവന്ത്ര, വൈറ്റില എന്നിവടങ്ങളിലും പ്രചാരണം നടത്തും. ബി.ജെ.പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനും സുരേഷ് ഗോപിയും ഇന്ന് രംഗത്തുണ്ട്. ബി.ജെ.പിയും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
Adjust Story Font
16