Quantcast

വെഞ്ഞാറമൂട് കൂട്ടക്കൊല: ബിസിനസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് കാരണം നാട്ടിലെത്താനാകാതെ അഫാന്റെ പിതാവ്

നിലവിൽ യാത്രക്ക് തടസമായുള്ളത് ഇഖാമയില്ലാത്തതും സാമ്പത്തിക ഇടപാടുമാണ്. ഇത് തീർത്ത് പറഞ്ഞയക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് സാമൂഹ്യ പ്രവർത്തകർ

MediaOne Logo

Web Desk

  • Published:

    25 Feb 2025 6:19 PM IST

വെഞ്ഞാറമൂട് കൂട്ടക്കൊല: ബിസിനസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് കാരണം നാട്ടിലെത്താനാകാതെ അഫാന്റെ പിതാവ്
X

തിരുവനന്തപുരം: ബിസിനസുമായി ബന്ധപ്പെട്ട നിയമക്കുരുക്ക് കാരണം നാട്ടിലേക്ക് വരാൻ കഴിയാതെ വെഞ്ഞാറമൂട് കൂട്ടക്കൊല നടത്തിയ അഫാന്റെ പിതാവ് അബ്ദുറഹീം. അബ്ദുറഹീം ഇപ്പോൾ സൌദിയിലാണ്. പിതാവിന്റെ സാമ്പത്തിക ബാധ്യതമൂലം അരുംകൊല നടത്തിയെന്നാണ് അഫാൻ പൊലീസിന് മൊഴിനൽകിയത്.

അഫാന്റെ പിതാവ് അബ്ദു റഹീമിന് 7 വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് 2.5 വർഷമായി ഇഖാമ പുതുക്കാൻ കഴിയാത്തതാണ് കാരണം. റിയാദിൽ നേരത്തെ യമനിയുമായി പങ്കാളിത്തതിൽ സ്ഥാപനം തുടങ്ങിയെങ്കിലും നഷ്ടത്തിലായി. ഈ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട് അഫാൻ സൗദിയിലെത്തുകയും ചെയ്തിരുന്നു. സ്ഥാപനം പൂട്ടിയതോടെ പങ്കാളിയായിരുന്ന യമനിക്ക് ആറ് ലക്ഷത്തോളം രൂപ നൽകാനുണ്ട്. ഇതാണ് പ്രധാന ബാധ്യത. ഇത് തീർക്കാനുള്ള ശ്രമത്തിലായിരുന്നു പിതാവ്. റിയാദിലെ കട പൂട്ടിയതോടെ ദമ്മാമിൽ ജോലി അന്വേഷണത്തിലായിരുന്നു അബ്ദു റഹീം.

നിലവിൽ യാത്രക്ക് തടസ്സമായുള്ളത് ഇഖാമയില്ലാത്തതും സാമ്പത്തിക ഇടപാടുമാണ്. ഇത് തീർത്ത് പറഞ്ഞയക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് സാമൂഹ്യ പ്രവർത്തകർ. ഏഴ് വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാത്തതിനാൽ കേസുമായി ബന്ധപ്പെട്ട് അബ്ദു റഹീമിന് പൂർണ വിവരങ്ങൾ പറയാനാകുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഉമ്മ ഷെമിയുടെ മൊഴി വരുന്നതോടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

TAGS :

Next Story