രാജ്യസഭാ സീറ്റ് വേണം; സിപിഐയ്ക്കും, കേരള കോണ്‍ഗ്രസ് എമ്മിനും പിന്നാലെ ആര്‍ജെഡിയും
ലോക്‌സഭയിലും സംസ്ഥാന മന്ത്രിസഭയിലും ആര്‍ജെഡിക്ക് പ്രാതിനിധ്യമില്ലാത്തതിനാൽ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആര്‍.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു
തിരുവനന്തപുരം: സിപിഐയ്ക്കും, കേരള കോണ്‍ഗ്രസ് എമ്മിനും പിന്നാലെ രാജ്യസഭാ സീറ്റ് വേണമെന്നാവശ്യവുമായി ആര്‍ജെഡിയും രംഗത്ത്. 'ലോക്‌സഭയിലും സംസ്ഥാന മന്ത്രിസഭയിലും ആര്‍ജെഡിക്ക് പ്രാതിനിധ്യം ഇല്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന്' ആര്‍.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് മീഡിയവണ്ണിനോട് പറഞ്ഞു.
ജൂലൈ ഒന്നിന് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് ജയിക്കാന്‍ കഴിയുക. ഇതില്‍ ഒരു സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ വേണ്ടി ആലോചിക്കുന്നുണ്ട്. ജയിക്കാന്‍ കഴിയുന്ന അടുത്ത സീറ്റിലേക്ക് സിപിഐയും, കേരള കോണ്‍ഗ്രസ് എമ്മും അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ആര്‍.ജെ.ഡി കൂടി രംഗത്ത് വരുന്നത്.
'നിലവില്‍ മുന്നണിയില്‍ ആര്‍.ജെ.ഡി നാലാം കക്ഷിയാണെന്നും, ഭയകഷി ചര്‍ച്ചയിലോ മുന്നണി യോഗത്തിലോ സീറ്റ് ആവശ്യം ഉന്നയിക്കുമെന്നും'ആര്‍.ജെ.ഡി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
മൂന്നു ഘടകകക്ഷികള്‍ ഒരു സീറ്റിനു വേണ്ടി രംഗത്തുവരുന്നതോടെ സിപിഎമ്മിന് രാജ്യസഭാ സീറ്റ് വിഭജനത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവും.
Adjust Story Font
16