സ്‌ഫോടനം നടത്തിയ ശേഷം മാർട്ടിൻ തൃശൂരിൽ മുറിയെടുത്തു, ഫേസ്ബുക്ക് വീഡിയോ ഇവിടെ നിന്ന്
ഡൊമിനിക്ക് മാർട്ടിന് സാങ്കേതിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പൊലീസ്
കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി മാർട്ടിൻ സ്ഫോടനം നടത്തിയ ശേഷം തൃശൂരിൽ മുറിയെടുത്ത് താമസിച്ചു. ഇവിടെ നിന്നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പകർത്തിയതെന്നാണ് സൂചന.
കൊരട്ടിയിൽ നിന്നും തൃശൂരിലേക്കുള്ള ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന മിറാക്കിൾ റെസിഡൻസിയിലാണ് മാർട്ടിൻ റൂം എടുത്തത്.10.45ഓടെ എടുത്ത റൂം 11 മണിയോടെ വെക്കേറ്റ് ചെയ്തു.
അതേസമയം ഡൊമിനിക്ക് മാർട്ടിന് സാങ്കേതിക കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസ് അനുമാനിക്കുന്നത്. നെടുമ്പാശേരി അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് നിർമാണം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് സ്ഫോടക വസ്തുക്കൾ വെച്ചത്. നാടൻ വസ്തുകളാണ് സ്ഫോടനത്തിനു ഉപയോഗിച്ചത്. സ്ഫോടനത്തിന് ശേഷം പ്രതി ഫോണിൽ സംസാരിച്ച കൊച്ചി സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. സ്‌ഫോടനത്തിൽ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) , മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. മരിച്ചവരിലൊരാൾ ലെയോണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
Watch Video Report
Adjust Story Font
16