Quantcast

കന്നി വിജയത്തിനൊപ്പം മന്ത്രിസ്ഥാനം; അഹമ്മദ് ദേവര്‍കോവിലിന് ഇത് കഠിനാധ്വാനത്തിനുള്ള അംഗീകാരം

ആദ്യ മത്സരത്തില്‍ തന്നെ മുസ്‍ലിം ലീഗിന്‍റെ സിറ്റിംഗ് സീറ്റില്‍ നേടിയ അട്ടിമറി വിജയം ചരിത്രത്തിന്‍റെ ഭാഗം

MediaOne Logo

Web Desk

  • Updated:

    2021-05-18 04:04:15.0

Published:

18 May 2021 1:59 AM GMT

കന്നി വിജയത്തിനൊപ്പം മന്ത്രിസ്ഥാനം; അഹമ്മദ് ദേവര്‍കോവിലിന് ഇത് കഠിനാധ്വാനത്തിനുള്ള അംഗീകാരം
X

കോഴിക്കോട്ടെ ദേവര്‍കോവിലെന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും മന്ത്രിപദത്തിലേക്ക് ഉയരുമ്പോള്‍ അഹമ്മദ് ദേവര്‍കോവിലിന് ഇത് കഠിനാധ്വാനത്തിനുള്ള അംഗീകാരം. ആദ്യ മത്സരത്തില്‍ തന്നെ മുസ്‍ലിം ലീഗിന്‍റെ സിറ്റിംഗ് സീറ്റില്‍ നേടിയ അട്ടിമറി വിജയം ചരിത്രത്തിലേക്കായിരുന്നുവെന്നതും അഹമ്മദ് ദേവര്‍കോവിലിന്‍റെ സ്വീകാര്യതക്ക് അടിവരയാകുന്നു. രണ്ടര പതിറ്റാണ്ടിനപ്പുറം ഇടതു മുന്നണിക്കൊപ്പം നിലയുറപ്പിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഐഎന്‍എല്ലിന് ലഭിക്കുന്ന ഈ മന്ത്രി പദം.

മുസ്‍ലിം ലീഗ് ഒപ്പം കൊണ്ടു നടന്ന കോഴിക്കോട് സൌത്ത് മണ്ഡലം ഇടത്തേക്ക് ചായ്ക്കാന്‍ ദേവര്‍കോവിലിനെ നിയോഗിച്ചപ്പോള്‍ ഇടതുമുന്നണി പോലും കരുതിയിരുന്നില്ല. പന്ത്രണ്ടായിരം വോട്ടിലധികം ഭൂരിപക്ഷവുമായി ചരിത്രത്തിലേക്കാണ് ആ യാത്രയെന്ന്. കന്നി വിജയത്തിനൊപ്പം മന്ത്രിസ്ഥാനം കൂടി തേടിയെത്തുമ്പോഴും പാര്‍ട്ടിയും മുന്നണിയും ഏല്‍പ്പിക്കുന്ന ചരിത്ര ദൌത്യം തെറ്റില്ലെന്ന ഉറച്ച വിശ്വാസം പ്രവര്‍ത്തകര്‍ക്കുമുണ്ട്.

1977ല്‍ കുറ്റ്യാടി സ്കൂള്‍ ലീഡറായി തുടക്കം. തലശേരിയിലെ ഉപരി പഠനകാലത്ത് രാഷ്ട്രീയം ജീവിതത്തിന്‍റെ ഭാഗമായി. എം എസ് എഫിന്‍റെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്‍റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥ കാലത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്‍റെ ഭാഗമായി. പിന്നെ ജയില്‍വാസം.

ജീവിതം ബോംബെയെന്ന മഹാനഗരത്തിലേക്ക് മാറ്റി നട്ടപ്പോഴും പൊതു പ്രവര്‍ത്തനം വിട്ടിരുന്നില്ല ദേവര്‍കോവില്‍. ഐ എന്‍ എല്ലിന്‍റെ രൂപീകരണ കണ്‍വെന്‍ഷന്‍ മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ട്. ഐ എന്‍ എല്‍‌ നാദാപുരം മണ്ഡലം പ്രസിഡന്‍റ് , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയാണ്.

ഹോട്ടലുടമയായിരുന്ന ദേവര്‍കോവില്‍ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് കൂടിയായിരുന്നു.


TAGS :

Next Story