'സൂപ്പർമാന് പോലും സാധിക്കില്ല, 90 ദിവസം വേണം ഗുജറാത്തിലെത്താൻ'; സിപിഎമ്മിനെതിരെ ജയറാം രമേശ്
മുണ്ടുടുത്ത മോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി. ഇരുവരുടെയുടെ പ്രവർത്തനങ്ങൾ ഒരു പോലെ
ഭാരത് ജോഡോ യാത്രക്കെതിരെ സിപിഎം തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലൂടെ യാത്ര കടന്നുപോകുന്നില്ലെന്നായിരുന്നു സിപിഎമ്മിന്റെ പ്രധാന വിമർശനം. ഇതിനെതിരെയാണ് ജയറാം രമേശ് രംഗത്തെത്തിയിരിക്കുന്നത്.
'കന്യാകുമാരി മുതൽ കശ്മീർ വരെയാണ് യാത്ര, ഗുജറാത്തിൽ പദയാത്ര എത്തണമെങ്കിൽ 90 ദിവസമെങ്കിലുമെടുക്കും. ' 56 ഇഞ്ച് നെഞ്ചളവുള്ള സൂപ്പർമാന് ' പോലും ഇതിന് പറ്റില്ല'; ജയറാം രമേശ് പറയുന്നു.
കാൽനടയായി സഞ്ചരിക്കാൻ അഞ്ച് റൂട്ടുകൾ പരിശോധിച്ചു. ഇതിൽ ഏറ്റവും നേരെയുള്ള റൂട്ടാണ് തെരഞ്ഞെടുത്തത്. മറ്റ് റൂട്ടുകൾക്ക് വാഹനങ്ങൾ ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയുടെ എ ടീം ഭരിക്കുന്ന ഒരു സംസ്ഥാനത്ത് കുടി യാത്ര 18 ദിവസം കടന്നു പോകുന്നുവെന്ന് സിപിഎമ്മിനെ പരോക്ഷമായി ജയറാം രമേശ് വിമർശിക്കുകയും ചെയ്‌തു.
മുണ്ടുടുത്ത മോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി. ഇരുവരുടെയുടെ പ്രവർത്തനങ്ങൾ ഒരു പോലെയാണ്. കോൺഗ്രസ് നടത്തുന്നത് ഭാരത് ജോഡോ യാത്രയാണെങ്കിൽ കോൺഗ്രസിനെ വിമർശിക്കുന്നവർ നടത്തുന്നത് യൂറോപ്പ് ജോഡോ യാത്ര'യെന്നും ജയറാം പരിഹസിച്ചു. അതേസമയം, ഭാരത് ജോഡോ യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിൽ സമാന്തര യാത്രകൾ സംഘടിപ്പിക്കും. അടുത്ത വർഷം ഗുജറാത്തിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് യാത്ര നടത്താനാണ് ആലോചനയെന്നും ജയറാം രമേശ് വ്യക്തമാക്കി.
Adjust Story Font
16