'ഭാരത് ജോഡോ യാത്രക്ക് ശേഷം പുതിയൊരു രാഹുലിനെ ഇന്ത്യ കണ്ടെത്തി'; എ.കെ ആന്റണി
മകന്‍ അനിൽ ആൻറണിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല
തിരുവനന്തപുരം: എല്ലാവരേയും ചേർത്തു പിടിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇതുപോലൊരു യാത്ര ഇന്ത്യ കണ്ടിട്ടില്ല. യാത്രയ്ക്ക് ശേഷം ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തിയെന്നും എ.കെ. ആന്റണി പറഞ്ഞു. കെപിസിസി ഓഫീസിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയിൽ വെറുപ്പും വിദ്വേഷവും വളർന്നു വരുന്നു. എല്ലാവരേയും ചേർത്തു പിടിച്ചാണ് രാഹുൽ യാത്ര നടത്തിയത്. വെറുപ്പ് പടർത്തുന്ന ശക്തികളെ 2024-ലെ തെരഞ്ഞെടുപ്പിൽ തൂത്തെറിയണം. അതാകണം രണ്ടാംഘട്ട യാത്ര.എങ്കിലേ ഈ യാത്ര പൂർണമാകൂ' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മകൻ അനിൽ ആൻറണിയെ കുറിച്ചുള്ള ചോദ്യങ്ങളോട് എ.കെ ആൻറണി പ്രതികരിച്ചില്ല.
ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കണമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ നേതാക്കളുടെ നിർദേശപ്രകാരമാണ് സീതാറാം യെച്ചൂരി പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും ചെന്നിത്തല ആരോപിച്ചു..
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ഇന്ന്ഉച്ചക്ക് ശ്രീനഗറിലെ ഷെർ -ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സമ്മേളനത്തിൽ പ്രതിപക്ഷ നിരയുടെ ശക്തി പ്രകടനമാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ക്ഷണിച്ച 23 പ്രതിപക്ഷ പാർട്ടികളിൽ ഭൂരിഭാഗവും യാത്രയെ അഭിനന്ദിച്ചെങ്കിലും സമ്മേളനത്തിൽ പങ്കെടുക്കില്ല.
ശ്രീനഗറിലെ ഷെർ -ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. അതിന് മുന്നോടിയായി രാവിലെ പിസിസി ഓഫീസിൽ പതാക ഉയർത്തും. സമാപന സമ്മേളനം പ്രതിപക്ഷ ചേരിയുടെ ശക്തി പ്രകടനമാക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഐ, ശിവസേന , എന്‍.സി.പി, നാഷ്ണൽ കോൺഫറൻസ്, ഡിഎംകെ എന്നീ പാർട്ടികൾ യാത്രയിൽ പങ്കെടുക്കും. സി പി എമ്മും ത്യണമൂൽ കോൺഗ്രസും വിട്ടു നിൽക്കും. നാഗാലാന്റ് തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ജെഡിയുവും അനാരോഗ്യ മൂലം ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും ജെഡിഎസ്നേതാവ് എച്ച് ഡി ദേവഗൗഡയും സമാപന സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
Adjust Story Font
16