മാനന്തവാടി കാട്ടാന ആക്രമണം; നാട്ടുകാരുടെ ആവശ്യം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വനംമന്ത്രി
ബന്ധുവിന് ജോലി നൽകുന്നതടക്കമുള്ളതിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: വയനാട് പയ്യമ്പള്ളിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ആക്രമണത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നാട്ടുകാരുടെ ആവശ്യം ചർച്ചയിലൂടെ പരിഹരിക്കും. ബന്ധുവിന് ജോലി നൽകുന്നതടക്കമുള്ളതിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
"കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിയുണ്ട്. ആ പദ്ധതിപ്രകാരമാണ് 10 ലക്ഷം രൂപ നൽകുന്നത്. അത് നൽകാൻ പ്രത്യേകിച്ച് ചർച്ചയുടെയൊന്നും ആവശ്യമില്ല. എന്നാൽ മാനന്തവാടിയിലെ ആക്രമണത്തിൽ പ്രത്യേക പരിഗണന വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതെങ്ങനെ സാധിക്കുമെന്ന് പരിശോധിക്കാനാണ് ചർച്ച. ചർച്ചകൾ നല്ലരീതിയിൽ കലാശിക്കട്ടെ, പ്രശ്നം രമ്യമായി പരിഹരിക്കാനാവട്ടെ" വനംമന്ത്രി പറഞ്ഞു. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സഹായധനം പരമാവധി വേഗത്തിൽ കൊടുത്തുതീർക്കും. ഇത്തരം കാര്യങ്ങൾ പണത്തിന്റെ പ്രയാസം നോക്കിയിട്ട് കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
തണ്ണീർകൊമ്പനിറങ്ങിയപ്പോൾ വനംവകുപ്പ് നടപടിയെടുത്തതിന് പിന്നാലെ എല്ലാവരെയും വിഷമിപ്പിച്ച് ആന ചരിഞ്ഞു. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിക്കൊണ്ടാകും പയ്യമ്പള്ളിയിലിറങ്ങിയ ആനയുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് എട്ട് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേരാണ്. 7492 പേർക്ക് പരിക്കേറ്റെന്നും നിയമസഭയിൽ വനംമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. മരിച്ച 706 പേരുടെ കുടുംബത്തിന് മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. മതിയായ ഫണ്ടിന്റെ കുറവ് കാരണമാണ് മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകാൻ കഴിയാത്തതെന്നും സജീവ് ജോസഫ് എം.എൽ.എക്ക് വനംമന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16