എൻസിപിയിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി മന്ത്രിസ്ഥാനത്ത് തുടരാൻ എ.കെ ശശീന്ദ്രൻ
തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നാൽ പാർട്ടി പിളരും എന്ന മുന്നറിയിപ്പാണ് ശശീന്ദ്രൻ വിഭാഗം കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് വെക്കുന്നത്
തിരുവനന്തപുരം: എൻസിപിയിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കി മന്ത്രിസ്ഥാനത്ത് തുടരാൻ എ.കെ ശശീന്ദ്രന്റെ നീക്കം. തോമസ് കെ തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നാൽ പാർട്ടി പിളരും എന്ന മുന്നറിയിപ്പാണ് ശശീന്ദ്രൻ വിഭാഗം കേന്ദ്ര നേതൃത്വത്തിന് മുന്നിലേക്ക് വെക്കുന്നത്.
സംസ്ഥാന പാർട്ടിയിൽ നിന്ന് ശശീന്ദ്രന് കൂടുതൽ പിന്തുണ ലഭിച്ചതോടെ മന്ത്രിസ്ഥാനം തെറിപ്പിക്കാനുള്ള ചാക്കോ - തോമസ് കെ തോമസ് വിഭാഗത്തിന്റെ ശ്രമം പാളി തുടങ്ങിയിട്ടുണ്ട്.
രണ്ടര വർഷം കഴിയുമ്പോൾ എ.കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം മാറി, തോമസ് കെ തോമസിനെ മന്ത്രി ആക്കാൻ ധാരണ ഉണ്ടായിരുന്നു എന്നാണ് എൻസിപിയിലെ ഒരു വിഭാഗം അവകാശവാദം ഉന്നയിച്ചത്. സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ അടക്കമുള്ളവർ അതിനെ പരസ്യമായി ആദ്യം തന്നെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തോമസ് കെ തോമസിനാപ്പം പി.സി ചാക്കോയും ചേർന്നു. കഴിഞ്ഞയാഴ്ച മുംബൈയിൽ നടന്ന യോഗത്തിൽ തോമസ് കെ തോമസിനെ മന്ത്രിയാക്കാം എന്ന ധാരണയിലേക്ക് എത്തിച്ചേരുകയും ചെയ്തു.
യോഗ തീരുമാനം അറിയിക്കാൻ വേണ്ടി എൻസിപി സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയെ കാണാനിരിക്കുന്നതിനിടയിലാണ് ചില രാഷ്ട്രീയ ചരട് വലികൾ എ.കെ ശശീന്ദ്രൻ നടത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മന്ത്രിയെ പിൻവലിച്ചാൽ എൻസിപിക്ക് വീണ്ടും മന്ത്രിയെ നൽകണമോ എന്ന കാര്യം മുന്നണി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് മന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാണ് എന്നും സംസ്ഥാന അധ്യക്ഷ സ്ഥാനം വേണമെന്നും എ.കെ ശശിന്ദ്രൻ ആവശ്യപ്പെട്ടത്.
മന്ത്രിയെ മാറ്റാൻ മുൻനിരയിൽ ഉണ്ടായിരുന്ന പി.സി ചാക്കോയെ പ്രതിസന്ധിയിലാക്കിയാണ് മുഖ്യമന്ത്രിയുടെ നിലപാട് വന്നത്.ശശീന്ദ്രനെ മാറ്റിയാൽ മന്ത്രിസ്ഥാനവും നിലവിലെ വനംവകുപ്പും എൻസിപിക്ക് നിലനിർത്തേണ്ടി വരും. പിസി ചാക്കോയെക്കാളും എ.കെ ശശീന്ദ്രനെയാണ് സിപിഎമ്മും മുഖ്യമന്ത്രിയും കുറച്ചുകൂടി മുഖവിലക്ക് എടുക്കുന്നത്. പി.സി ചാക്കോ നേതൃത്വത്തിൽ വന്നതിൽ എൻസിപി യിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. വിവാദങ്ങൾ ഉണ്ടായതോടെ ഇവരെല്ലാം ശശീന്ദ്രന് അനുകൂലമായി യോജിച്ചു എന്നാണ് വിവരം. അതായത് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാൽ കേരളത്തിലെ എൻസിപി പിളരും എന്ന തോന്നൽ ദേശീയ നേതൃത്വത്തിലേക്ക് ശശീന്ദ്രൻ വിഭാഗം എത്തിച്ചിട്ടുണ്ട്.
Adjust Story Font
16