'പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല'; വിശദീകരണവുമായി ആകാശ് തില്ലങ്കേരി
താൻ ചെയ്യുന്ന കാര്യങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം ഏൽക്കേണ്ട കാര്യമില്ലെന്നും ആകാശ് ഫേസ്ബുക്കിൽ കുറിച്ചു
പാർട്ടിയെ വെല്ലുവിളിക്കുന്നു എന്ന പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റെന്ന് ആകാശ് തില്ലങ്കേരി. താൻ ചെയ്യുന്ന കാര്യങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം ഏൽക്കേണ്ട കാര്യമില്ലെന്നും ആകാശ് ഫേസ്ബുക്കിൽ കുറിച്ചു. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി നേരത്തെ പ്രതികരിച്ചിരുന്നു.
ആകാശിന്റെ പോസ്റ്റിന് അടിയിൽ സവാദ് എന്നയാളുടെ കമന്റിന് മറുപടിയായി ആയിരുന്നു പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള കുറിപ്പ്. ഇതിന് പിന്നാലെയാണ് വിശദീകരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
അനശ്വര രക്തസാക്ഷി സഖാവ് കണ്ണിപൊയിൽ ബാബുവേട്ടൻ വധത്തിലെ പ്രതികളുമായ് ഞാൻ കൂട്ട് ചേർന്നു എന്നുള്ള രീതിയിൽ ഉത്തരവാദിത്തപ്പെട്ട ചിലരിൽ നിന്നുണ്ടായ പ്രതികരണം എനിക്ക് താങ്ങാൻ കഴിയുന്നതിലും വലിയ വേദനയാണ് ഉണ്ടാക്കിയത് . ആ ആരോപണം പത്രസമ്മേളനം വിളിച്ച് ഞാൻ നിഷേധിക്കും എന്ന രീതിയിൽ ഒരു കമന്റിനു മറുപടി കൊടുത്തത് " ഞാൻ പാർട്ടിയെ വെല്ലുവിളിക്കുന്നു , ഭീഷണിപ്പെടുത്തുന്നു " എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കിയത് കണ്ടു..
ഷുഹൈബ് വധവുമായ് പ്രതിചേർക്കപെട്ടപ്പോൾ എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് ഇവിടത്തെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയാവുന്നതാണ്.. എനിക്കെതിരെ ഇപ്പോൾ മാധ്യമങ്ങളും , രാഷ്ട്രീയ ശത്രുക്കളും ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങൾക്ക് ബോധ്യമാകും.. പാർട്ടി പുറത്താക്കിയ , സ്വതന്ത്ര വ്യക്തിയായ ഞാൻ ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികൾക്ക് ഞാൻ മുൻ പാർട്ടിപ്രവർത്തകൻ ആയിരുന്നതിന്റെ പേരിൽ പാർട്ടി ഉത്തരവാദിത്തം ഏൽകേണ്ട കാര്യവും ഇല്ല..
രക്തസാക്ഷികളെ ഞാൻ ഒറ്റു കൊടുത്തു എന്ന് ആരെങ്കിലും ആരോപിച്ചാൽ അത് തികച്ചും വസ്തുതാവിരുദ്ധം ആണ് എന്ന് ഒരിക്കൽ കൂടി പറയുകയാണ്.. എന്റെ പ്രവർത്തികൾക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവൻ മാധ്യമങ്ങളോടും തഴ്മയായ് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്.. നിങ്ങൾ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളു , എന്നാൽ എന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു..
Adjust Story Font
16