Quantcast

ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്‍റെ ഭാഗം, മറുപടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദന്‍

ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ മുഴക്കുന്ന് പൊലീസിന് നിർദേശം ലഭിച്ചു. ആകാശിനെതിരെ കാപ്പ ചുമത്താനും സാധ്യതയുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-02-17 05:12:40.0

Published:

17 Feb 2023 5:07 AM GMT

breaking news malayalam, Akash Tillankeri part of criminal gang,  no need to answer,MV Govindan,
X

കണ്ണൂര്‍: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്നും അതിനൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതികളെ പൊലീസ് പിടികൂടും. ആരെയെങ്കിലും നിയന്ത്രിക്കേണ്ട കാര്യമില്ല. സി.ബി.ഐ അന്വേഷണം അവസാന വാക്കല്ല. കോൺഗ്രസിന്റേത് രാഷ്ട്രീയ നിലപാടാണ്. സി.ബി.ഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസിലാവുന്ന കാലമാണിത്. ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമായവർക്ക് മറുപടിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാൻ മുഴക്കുന്ന് പൊലീസിന് നിർദേശം ലഭിച്ചു. ആകാശിനെതിരെ കാപ്പ ചുമത്താനും സാധ്യതയുണ്ട്. ആകാശ് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപികരിച്ചു. കണ്ണൂർ മുഴക്കുന്ന് സി.ഐ യുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിൻറെ പരാതിയിലാണ് കേസ്.

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അത്ഭുതപ്പെടുത്തുന്നുവെന്ന് എ.ഐ.വൈ.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതികരിച്ചു. 'അധോലോകത്ത് മാത്രം കേട്ട് കേൾവിയുള്ള ക്രൂരതയാണിത്. യാഥാർത്ഥ്യമെങ്കിൽ കുറ്റാരോപിതരായ മുഴുവൻ ആളുകളെയും അന്വേഷണപരിധിയിൽ കൊണ്ടുവരണം. രാഷ്ട്രീയ ഗുണ്ടകൾ പൊതുസമൂഹത്തിന് ബാധ്യതയാകു'മെന്നും എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിലാണ് തില്ലങ്കേരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. സോഷ്യൽ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്നാണ് പരാതി.ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പാർട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശിൻറെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്. ആകാശിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

തില്ലങ്കേരിക്കെതിരെ ഡി.വൈ.എഫ്.ഐയും എം.വി ജയരാജനും പരസ്യമായി രംഗത്തുവന്നിരുന്നു. പാർട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏൽപ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്ന് തില്ലങ്കേരി വ്യക്തമാക്കണമെന്നുമാണ് എം.വി ജയരാജൻ പറഞ്ഞത്.

ആകാശ് തില്ലങ്കേരി സ്വർണ്ണക്കടത്തിന് നേതൃത്വം നൽകുന്ന വ്യക്തിയാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ പറഞ്ഞത്. ഡി.വൈ.എഫ്.ഐ നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും ആകാശ് അധിക്ഷേപിക്കുന്നുവെന്നും ക്വട്ടേഷൻ സംഘങ്ങളെ പ്രതിരോധിക്കുകയും നിയമ നടപടി സ്വീകരിക്കും ചെയ്യുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. നാടിൻറെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.



TAGS :

Next Story