Quantcast

ആകാശ് തില്ലങ്കേരിയുടെ നിയമലംഘനം: കർശന നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു

MediaOne Logo

Web Desk

  • Published:

    9 July 2024 12:03 PM GMT

Akash Tillankeriആകാശ് തില്ലങ്കേരിയുടെ നിയമലംഘനം: കർശന നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
X

കല്പറ്റ: നിയമലംഘനം നടത്തിയ ആകാശ് തില്ലങ്കേരിക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാനന്തവാടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു. വാഹനം കസ്റ്റഡിയിൽ എടുക്കുക, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുക, പ്രതിക്കെതിരെ ശക്തമായ നിയമനടപടികൾ എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം. സമരവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഞ്ചാംമൈലിലെ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.

അതേസമയം വാഹനം ഓടിച്ചത് ആരൊക്കെയെന്ന് കണ്ടെത്താൻ പനമരം പ്രദേശത്തെ എ.ഐ കാമറകൾ പരിശോധിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു. വാഹനത്തിന്റെ ആർ.സി സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ മലപ്പുറം ആർ.ടി.ഒ ആണ് കൈക്കൊള്ളുകയെന്നും അധികൃതർ അറിയിച്ചു. നേരത്തെ മൂന്നുതവണ ഈ വാഹനത്തിന് നേരെ നിയമലംഘനത്തിന് നടപടിയുണ്ടായിട്ടുണ്ട്.

സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. മീഡിയവൺ വാർത്ത പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഇടപെടൽ.

ആകാശ് തില്ലങ്കേരി നടത്തിയ നിയമലംഘനവുമായി ബന്ധപ്പെട്ട മീഡിയവൺ വാർത്ത പരിശോധിച്ചതിന് ശേഷമാണ് വിഷയത്തിൽ സ്വമേധയാ ഇടപെടുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വാഹനം ഓടിച്ച് നിയമലംഘനം നടത്തുന്നതെന്നന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനമാണിതെന്നുംം സ്വമേധയാ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.

വടകരയിൽ സീബ്രാലൈൻ മുറിച്ച് കടന്ന വിദ്യാർഥികളെ വാഹനമിടിച്ച വിഷയത്തിലും സ്വമേധയാ കേസെടുക്കുമെന്ന് കോടതി പറഞ്ഞു. ടൂറിസ്റ്റ് ബസുകളിൽ നിയമവിരുദ്ധമായ ലൈറ്റുകൾ ഇപ്പോഴും തുടരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ ലൈറ്റിനും 5000 രൂപ വീതം പിഴ ഈടാക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. കെ.എം.എം.എൽ, എം.ഡിയുടെ വാഹനം ബീക്കൺ ലൈറ്റിട്ട് അമിത വേഗതയിൽ പോയതിനെയും കോടതി വിമർശിച്ചു. വാഹനം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി എം.വി.ഡിക്ക് നിർദേശം നൽകി.

രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി.

TAGS :

Next Story