Quantcast

എ.കെ.ജി സെന്റര്‍ ആക്രമണം: ഇ.പി ജയരാജനും പി.കെ ശ്രീമതിക്കുമെതിരെയുള്ള ഹരജിയില്‍ വിധി ഇന്ന്

2022 ജൂലൈ ഒന്നിനായിരുന്നു എ.കെ.ജി സെന്‍റര്‍ ഗേറ്റിനുനേരെ പടക്കമെറിഞ്ഞ സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    29 Jun 2024 1:53 AM GMT

The Thiruvananthapuram District Courts judgment today on the petition against CPM leaders EP Jayarajan and PK Sreemathy in the AKG Center attack related case
X

ഇ.പി ജയരാജന്‍, പി.കെ ശ്രീമതി

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട കലാപാഹ്വാനത്തില്‍ സി.പി.എം നേതാക്കള്‍ക്കെതിരായ ഹരജിയില്‍ ഇന്ന് വിധിപറയും. ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എന്നിവര്‍ക്കെതിരെയുള്ള ഹരജിയിലാണ് തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധിപറയുന്നത്.

ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് ആണ് ഹരജി നല്‍കിയത്. കലാപാഹ്വാനം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി നേരത്തെ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

2022 ജൂലൈ ഒന്നിനായിരുന്നു എ.കെ.ജി സെന്ററിന്റെ ഗേറ്റിനുനേരെ പടക്കമെറിഞ്ഞ സംഭവം നടന്നത്. പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെയായിരുന്നു തൊട്ടടുത്ത ഗേറ്റിനുനേരെ ബൈക്കിലെത്തിയയാള്‍ പടക്കമെറിഞ്ഞത്. വലിയ ശബ്ദം കേട്ടെന്ന് സംഭവത്തിനു പിന്നാലെ പി.കെ ശ്രീമതി പറഞ്ഞിരുന്നു. കോണ്‍ഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ആരോപിച്ചു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമെന്നാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്.

മൂന്നു മാസത്തോളമെടുത്താണ് കേസില്‍ പ്രതിയെ പിടികൂടാനായത്. കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വി. ജിതിനും ഇയാള്‍ക്ക് സ്‌കൂട്ടര്‍ നല്‍കിയ സുഹൃത്ത് ടി. നവ്യയുമാണ് പിടിയിലായത്. എന്നാല്‍, കള്ളക്കേസാണെന്നു പ്രതികള്‍ വാദിച്ചിരുന്നു.

Summary: The Thiruvananthapuram District Court's judgment today on the petition against CPM leaders EP Jayarajan and PK Sreemathy in the AKG Center attack related case

TAGS :

Next Story