എ.കെ.ജി സെന്റർ ആക്രമണത്തിന് ഒരു മാസം; പ്രതിയെ ഇനിയും പിടിച്ചില്ല, ഇരുട്ടിൽതപ്പി പൊലീസ്
പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എൽ.എക്‌സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല
തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തിന് ഒരു മാസം പിന്നിടുകയാണ്. എന്നാൽ, ആക്രമണത്തിനു പിന്നിലെ പ്രതികളെ പിടികൂടാൻ ഇനിയും അന്വേഷണ സംഘത്തിനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണണ പുരോഗതിയിലും വ്യക്തതയില്ല.
പ്രത്യേക സംഘത്തിൽനിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവിൽ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്. പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, തുടങ്ങിയ ഇടത്തുതന്നെ നിൽക്കുകയാണ് അന്വേഷണം.
ജൂൺ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിർണായകമായ യാതൊരു വിവരവും ലഭിച്ചില്ല. പ്രതി സഞ്ചരിച്ച വാഹനം ഡിയോ ഡി.എൽ.എക്‌സ് സ്‌കൂട്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ സംബന്ധിച്ച ഒരു സൂചനയും ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ രണ്ടായിരത്തോളം ഡിയോ സ്‌കൂട്ടറുകളാണ് പരിശോധിച്ചത്.
അക്രമിക്ക് എസ്‌കോർട്ടായി ഒരു സ്വിഫ്റ്റ് കാർ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പറും തിരിച്ചറിയാനായിട്ടില്ല. ആകെ ലഭിച്ച മൊഴി ചെങ്കൽചൂള സ്വദേശിയായ വിജയ് എന്ന യുവാവിന്റേതാണ്. സ്‌ഫോടകവസ്തു എറിഞ്ഞ വ്യക്തി പോകുന്നത് കണ്ടെന്നാണ് പ്രത്യേക സംഘത്തോട് ഇദ്ദേഹം സമ്മതിച്ചത്. എന്നാൽ മൊഴിക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യമുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വിഷയത്തെ യു.ഡി.എഫിനെതിരായ രാഷ്ട്രീയ ആയുധമാക്കിയ സി.പി.എം പിന്നീട് പിന്നാക്കം പോകുന്നതിനും സംസ്ഥാനം സാക്ഷിയായി.
സംഭവത്തിന് പിന്നിലെ സി.പി.എം ബന്ധം കാരണമാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ, അന്വേഷണം തുടരുകയാണെന്നാണ് സർക്കാർ വാദം. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെയാകെ നോക്കുകുത്തിയാക്കി ഒളിഞ്ഞിരിക്കുന്ന പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘത്തിനാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Summary: A month after the incident of throwing explosives at AKG Center, Thiruvananthapuram, the investigation team is yet to nab the suspects behind the attack
Adjust Story Font
16