'കാര്‍ പറന്നുവരുന്ന പോലെയാണ് വന്നത്, ബസിന്‍റെ അകത്തേക്ക് ഇടിച്ചുകയറി'; ആലപ്പുഴ അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍
'ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു'
ആലപ്പുഴ: ആലപ്പുഴ അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് ഇതുവരെയും കെഎസ്ആര്‍ടിസി ജീവനക്കാർ മുക്തരായിട്ടില്ല. ഒരു മണിക്കൂറോളം എടുത്താണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും ജീവനക്കാർ മീഡിയവണിനോട് പറഞ്ഞു.
ആലപ്പുഴയില്‍ നിന്നും കയറിയ ആളുകളുടെ എടുത്ത് നിന്നും ടിക്കറ്റ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്‍ പാഞ്ഞുവരുന്നത് കണ്ടതെന്ന് കണ്ടക്ടര്‍ മനേഷ് പറഞ്ഞു. ''നേരെ സ്ട്രെയിറ്റ് വന്നല്ല ഇടിച്ചത്, വലതുവശത്തേക്ക് വന്ന് പറന്നുവരുന്ന പോലെയാണ് വന്നത്. എന്നിട്ട് ബസിന്‍റെ മുന്‍ഭാഗത്തെ ഇടതു വശത്തുള്ള രണ്ട് സീറ്റുകള്‍ ഇടിച്ച് ബസിന്‍റെ അകത്തേക്ക് കയറിപ്പോയി. ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു. കാറിന്‍റെ അവസ്ഥ കണ്ടാലറിയാം, ചളുങ്ങി വല്ലാത്ത ഒരവസ്ഥയിലായിപ്പോയി. ദാരുണമായ സംഭവമായിപ്പോയി. ഇറങ്ങിച്ചെന്ന് നോക്കിയപ്പോള്‍ കുറച്ചു ചെറുപ്പക്കാരെ അബോധാവസ്ഥയില്‍ കണ്ടു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി. പിന്നീട് ഫയര്‍ഫോഴ്സ് എത്തി ഒരുമണിക്കൂറോളം കഷ്ടപ്പെട്ടിട്ടാണ് അവരെ കാറില്‍ നിന്നും പുറത്തെടുത്തത്'' മനേഷ് പറഞ്ഞു.
ബസിന്‍റെ മുന്‍ഭാഗത്ത് ഇരുന്നവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തലപൊട്ടിയവരും മൂക്കിന് പരിക്കേറ്റവരും പല്ല് പോയവരും ഇക്കൂട്ടത്തിലുണ്ടെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി 9.45 ഓടെയാണ് അപകടം. വണ്ടാനത്ത് നിന്ന് സിനിമക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് ശേഖരപുരം സ്വദേശി ശ്രീദേവ് വത്സൻ, കണ്ണൂർ മാടായി സ്വദേശി മുഹമ്മദ് ജബ്ബാർ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവാനന്ദൻ , ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് പോവുകയിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലേക്കാണ് കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കനത്ത മഴയിൽ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം .ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ബസിലുണ്ടായിരുന്ന നാലുപേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Adjust Story Font
16