Quantcast

നവജാതശിശുവിന്റെയും അമ്മയുടെയും മരണം: ഡോക്ടർക്ക് നിർബന്ധിത അവധി

ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതോടെ അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

MediaOne Logo

Web Desk

  • Published:

    7 Dec 2022 1:22 PM GMT

നവജാതശിശുവിന്റെയും അമ്മയുടെയും മരണം: ഡോക്ടർക്ക് നിർബന്ധിത അവധി
X

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നവജാതശിശുവിനു പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ആരോപണവിധേയനായ ഡോക്ടറെ മാറ്റിനിർത്തും. അന്വേഷണം കഴിയുന്നതുവരെ ഡോക്ടർ തങ്കു തോമസ് കോശിക്ക് നിർബന്ധിത അവധി നൽകി.

സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച അപർണയുടെ കുടുംബവും നാട്ടുകാരും മെഡിക്കൽ കോളജിൽ പ്രതിഷേധിച്ചിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതോടെ അപർണയുടെയും കുഞ്ഞിന്റെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസവത്തിനായി കൈനകരി സ്വദേശി അപർണയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ലേബർ റൂമിലേക്ക് മാറ്റി. പ്രസവം വൈകിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. പൊക്കിൾക്കൊടി കഴുത്തിൽ ചുറ്റിയതാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

കുഞ്ഞ് മരിച്ചതിനുശേഷം അപർണയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പുലർച്ചെ അഞ്ചുമണിയോടെ അപർണയും മരിച്ചു. ഇതോടെയാണ് കുടുംബവും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ഗുരുതരമായ ചികിത്സാ പിഴവുണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. കുഞ്ഞിന്റെ മരണം അറിയിക്കാൻ വൈകിയതായും പരാതിയുണ്ട്. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.

Summary: Vandanam Medical College, Alappuzha, has given compulsory leave to Dr. Thanku Thomas Koshy, accused in the case of the death of the newborn baby followed by the mother

TAGS :
Next Story