വ്യവസ്ഥകൾ പാലിച്ച് സംഘടിത സക്കാത്ത് നടത്തി മാതൃക കാണിച്ചൂകൂടേ എന്ന് സുന്നികൾ ചിന്തിക്കണം: അലിയാർ ഖാസിമി
സംഘടിതമായി മാത്രമേ സക്കാത്ത് നിർവഹിക്കാവൂ എന്ന വാദം തനിക്കില്ല. തന്റെ വാക്കുകൾ അത്തരത്തിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് അലിയാർ ഖാസിമി പറഞ്ഞു.

കോഴിക്കോട്: വ്യവസ്ഥകൾ പാലിച്ച് സംഘടിത സക്കാത്ത് നടത്തി മാതൃക കാണിച്ചുകൂടേ എന്ന് സുന്നികൾ ചിന്തിക്കണമെന്ന് ജംഇയ്യത്തുൽ ഉലമായേ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി. സക്കാത്ത് സംഘടിതമായി നിർവഹിച്ചാൽ മാത്രമേ ശരിയാകൂ എന്ന നിലപാട് തനിക്കില്ല. ഇസ്‌ലാമിൽ നിസ്‌കാരവും ഹജ്ജും സംഘടിതമായാണ് നിർവഹിക്കാറുള്ളത്. നോമ്പും പ്രത്യേക മാസത്തിൽ ഒരുമിച്ച് നിർവഹിക്കുന്നതാണ്. സക്കാത്ത് അസംഘടിതമായി മാത്രം നിർവഹിക്കണം എന്ന് പറയുന്നതിനോടുള്ള വിയോജിപ്പാണ് രേഖപ്പെടുത്തിയത്.
സക്കാത്ത് സംഘടിതമായി നിർവഹിക്കുന്നതിനെ മതം വിലക്കുന്നില്ല. സക്കാത്ത് സംഘടിതമാവുമ്പോഴാണ് അതിന്റെ ലക്ഷ്യം നിർവഹിക്കപ്പെടുന്നത്. സക്കാത്ത് സംഘടിതമായി മാത്രമേ നിർവഹിക്കാവൂ എന്ന വാദം സംഘടിത സക്കാത്തിനായി വാദിക്കുന്ന സംഘടനകൾക്കുമില്ല. അത്തരത്തിൽ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അലിയാർ ഖാസിമി പറഞ്ഞു.
സംഘടിത സക്കാത്ത് ആണ് ഫലപ്രദമെന്ന് പ്രവാചകൻ കാണിച്ചുതന്ന മാതൃകയാണ്. സംഘടിതമായി സക്കാത്ത് സമാഹരിച്ചു വിതരണം ചെയ്യുന്നതിന് കർമശാസ്ത്രത്തിൽ വിലക്കില്ല എന്ന് സുന്നികൾ തന്നെ സമ്മതിക്കുന്നതാണ്. വ്യവസ്ഥകൾ പാലിച്ചാൽ അതിൽ തെറ്റില്ല എന്നും സുന്നികൾ പറയുന്നുണ്ട്. ഇത്തരത്തിൽ സംഘടിത സക്കാത്തിനെ കുറിച്ച് സുന്നികൾ ചിന്തിക്കണമെന്നും അലിയാർ ഖാസിമി പറഞ്ഞു.
Adjust Story Font
16