നിയന്ത്രണങ്ങൾ അംഗീകരിക്കില്ല; വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറക്കും- വ്യാപാരി വ്യവസായി ഏകോപന സമിതി
വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്
വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് കോവിഡ് ലോക് ഡൌണ്‍ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരികൾ. കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണം. കൂടാതെ കടകളുടെ പ്രവൃത്തി സമയവും ദീർഘിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കൂടാതെ വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറന്നു പ്രവർത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. പെരുന്നാൾ സീസണായതിനാൽ ഇതുവരെയുള്ള എല്ലാ ആഘോഷങ്ങളുടെയും കച്ചവടം നഷ്ടപ്പെട്ട് കടക്കെണിയിലായ തങ്ങൾക്ക് ഈ പെരുന്നാൾ സീസൺ കൂടി നഷ്ടപ്പെട്ടാൽ കനത്ത ആഘാതമാണ് അത് ഉണ്ടാക്കുക എന്ന് വ്യാപാരികൾ പറഞ്ഞു.
ഇന്ന് രാവിലെയാണ് സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചത്. കടകളുടെ പ്രവർത്തന സമയം നീട്ടി. ബാങ്കുകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ ഇടപാടുകൾക്ക് അനുമതിയുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
എ കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാം. ടി.പി.ആർ നിരക്ക് അഞ്ച് ശതമാനം വരെയാണ് എ കാറ്റഗറി. ബി കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും എല്ലാ ദിവസവും പ്രവർത്തിക്കാം. എന്നാൽ, മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി എട്ടു മണി വരെ മാത്രമെ പ്രവർത്തിക്കാവൂ. ടി.പി.ആർ നിരക്ക് പത്തു ശതമാനം വരെയുള്ളതാണ് ബി കാറ്റഗറി.
സി കാറ്റഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റ് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വെള്ളിയാഴ്ച മാത്രം എട്ട് മണി വരെ പ്രവർത്തിക്കാം. അതേസമയം, ഡി കാറ്ററഗറിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി.
വിവിധ മേഖലകളിൽ നിന്ന് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡൽഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്.
Adjust Story Font
16