Quantcast

ഒറ്റ വർഷം കൊണ്ട് 28.94 കോടി; ഭക്ഷ്യ സുരക്ഷാ വകുപ്പിന് സർവകാല റെക്കോഡ് വരുമാനം

കൂടുതൽ സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനും സാധിച്ചതിന്റെ തെളിവ് കൂടിയാണിതെന്നും വീണാ ജോർജ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 April 2023 10:39 AM GMT

ഒറ്റ വർഷം കൊണ്ട് 28.94 കോടി; ഭക്ഷ്യ സുരക്ഷാ വകുപ്പിന് സർവകാല റെക്കോഡ് വരുമാനം
X

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷത്തെ വരുമാനത്തെക്കാൾ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. അതിനെക്കാൾ ഇരട്ടിയോളം വരുന്ന വർധനവാണുണ്ടായത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. കൂടുതൽ സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭ്യമാക്കാനും ഭക്ഷ്യ സുരക്ഷാ നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാനും സാധിച്ചതിന്റെ തെളിവ് കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ ഫീസിനത്തിൽ 19.08 കോടി, പിഴത്തുകയായി 2.72 കോടി, അഡ്ജ്യൂഡിക്കേറ്റിംഗ് ഓഫീസർ വഴിയുള്ള പിഴയായി 1.27 കോടി, കോടതി വഴിയുള്ള പിഴയായി 10.67 ലക്ഷം, വാർഷിക റിട്ടേണായി 4.42 കോടി, സാമ്പിൾ പരിശോധന 1.34 കോടി രൂപ എന്നിങ്ങനെയാണ് വരുമാനം നേടിയത്.

ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിൻ ആവിഷ്‌ക്കരിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ, ഓപ്പറേഷൻ ഓയിൽ തുടങ്ങി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി. ഷവർമ മാർഗനിർദേശം പുറത്തിറക്കി. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി. പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു.

ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഹെൽത്ത് ഇൻസ്പെക്ടർമാർ ഹെൽത്ത് കാർഡും ശുചിത്വവും പരിശോധിക്കാൻ അനുമതി നൽകി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, അറവ് ശാലകൾക്ക് ക്ലീൻ ആന്റ് സേഫ് കാമ്പയിൻ, ഹൈജീൻ റേറ്റിങ്, ഈറ്റ് റൈറ്റ് കാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി വരുന്നു. സംസ്ഥാന വ്യാപക പരിശോധനകൾക്കായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ആദ്യമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഗ്രിവൻസ് പോർട്ടൽ യാഥാർത്ഥ്യമാക്കി. ഈ പോർട്ടലിൽ പൊതുജനങ്ങൾക്ക് ഫോട്ടോ, വീഡിയോ സഹിതം ഭക്ഷ്യസുരക്ഷാ പരാതികൾ നേരിട്ടറിയിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story