കാട്ടിറച്ചി കടത്തിയെന്ന ആരോപണം; ആദിവാസി യുവാവിനെതിരായ കേസ് പിൻവലിച്ചു
ആദിവാസി യുവാവിനെ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ വാർത്ത മീഡിയാവൺ റിപ്പോർട്ട് ചെയ്തിരുന്നു
ഇടുക്കി: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസ് വനം വകുപ്പ് പിൻവലിച്ചു. കേസ് റദ്ദാക്കാൻ അനുമതി തേടി കട്ടപ്പന കോടതിയിൽ വനം വകുപ്പ് അപേക്ഷ നൽകിയിരുന്നു . കിഴുകാനം സ്വദേശി സരുൺ സജിക്കെതിരെയാണ് വനം വകുപ്പ് കള്ളക്കേസ് എടുത്തത്. ആദിവാസി യുവാവിനെ വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ വാർത്ത മീഡിയാവൺ റിപ്പോർട്ട് ചെയ്തിരുന്നു.
ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കഴിഞ്ഞ സെപ്റ്റംബർ 20-നാണ് ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിലായ സരുൺ സജി പത്ത് ദിവസത്തെ ജയിൽവാസവും അനുഭവിച്ചു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. ആരോപണവിധേയരായ ഒൻപത് ഉദ്യോഗസ്ഥരെ സസ്‌പെന്റും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കേസ് പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടത്തിപ്പിൽ കാലതാമസം നേരിട്ടതോടെ സരുണിന്റെ കുടുംബം പ്രതിസന്ധിയിലായിരുന്നു.
പരിശോധനയിൽ പശു ഇറച്ചിയാണെന്ന് വ്യക്തമായിട്ടും വനം വകുപ്പ് കേസ് പിൻവലിക്കാത്തതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സരുണിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടെന്നും കൂലിപ്പണിക്ക് പോകാനാകാത്തവിധം മാനസിക സംഘർഷത്തിലാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
Adjust Story Font
16