മഹാരാജാസിലെ വിദ്യാർത്ഥി സംഘർഷങ്ങളിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആക്ഷേപം
എസ്എഫ്ഐ പറയുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ നിരന്തരം വിദ്യാർത്ഥി സംഘർഷം ഉണ്ടായിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം. ഇന്നലെ മാത്രം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമം കാട്ടുമ്പോൾ പോലീസ് നോക്കിനിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഒരിടവേളയ്ക്ക് ശേഷം മഹാരാജാസ് കോളേജ് സംഘർഷഭരിതമാണ്. എസ്എഫ്ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വരെ വ്യാപിച്ചു.
പോലീസ് നോക്കി നിൽക്കെയായിരുന്നു ആശുപത്രിയിലെ എസ്എഫ്ഐ അതിക്രമം. ആംബുലൻസിൽ കയറി മർദ്ദിച്ചിട്ടും ആശുപത്രിയുടെ ജനൽ ചില്ലുകൾ അടിച്ചുതകർത്തിട്ടും പോലീസ് ഇടപെടാതെ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.പോലീസ് എസ്എഫ്ഐ പറയുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ വിമർശനം.
മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 8 കേസുകളാണ് സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്തത്. ജനറൽ ആശുപത്രിയിലെ അതിക്രമത്തിൽ ആശുപത്രി സംരക്ഷണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസറിന് കുത്തേറ്റ കേസിൽ മാത്രമാണ് ഒരു പ്രതിയെയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16