'ഒരു ചികിത്സയും അവര് എന്റെ കുട്ടിക്ക് കൊടുത്തിട്ടില്ല... കൊന്നതാ അവര്...'; 11 കാരന്റെ മരണത്തിൽ മെഡിക്കൽ കോളേജിനെതിരെ കുടുംബം
കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത് ആശുപത്രി അധികൃതർ മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷമാണെന്നു കുടുംബം
മലപ്പുറം: 11 കാരന്റെ മരണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരാരോപണവുമായി കുടുംബം. കൊണ്ടോട്ടി മുണ്ടക്കുളത്ത് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷമാസ് എന്ന 11 കാരന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചുവെന്നാണ് ആക്ഷേപം. മതിയായ ചികിത്സ കിട്ടാതെയാണ് കുട്ടി മരിച്ചതെന്ന് കുടുംബം കുറ്റപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് മുറിച്ചു കടക്കവേയാണ് മുണ്ടക്കുളം മഞ്ഞനിക്കാട് സൈനുദ്ദീന്റെയും ആമിന ബീവിയുടെയും മകനും മുണ്ടക്കുളം സിഎച്ച്എംകെ എംയുപി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഷമ്മാസ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിൽ എത്തിച്ച കുട്ടിയെ വേണ്ടവിധത്തിൽ പരിചരിക്കുകയോ ചികിത്സ നൽകുകയോ ചെയ്തില്ല എന്നാണ് കുടുംബം ആരോപിക്കുന്നത്.
മാതൃശിശുകേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ ആറര മണിക്കൂർ പനി വാർഡിൽ കിടത്തിയെന്ന് ഇതിന് ശേഷമാണ് മരിച്ചതെന്നും അവർ പറഞ്ഞു. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത് ആശുപത്രി അധികൃതർ മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷമാണെന്നും കുറ്റപ്പെടുത്തി. ഒരു ചികിത്സയും അവർ തന്റെ കുട്ടിക്ക് കൊടുത്തിട്ടില്ലെന്നും കൊന്നതാണെന്നും ഒപ്പമുണ്ടായിരുന്ന മാതാവ് ആമിനാബി പറഞ്ഞു. ഐസിയുവിലേക്കാണെന്ന് പറഞ്ഞ് കൊണ്ടുപോയത് പനി പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങളുള്ള, അടുക്കള പോലെയുള്ള മുറിയിലേക്കാണ് കൊണ്ടുപോയതാണെന്നും പറഞ്ഞു. കുട്ടിക്ക് ഒന്നും പറ്റിയിട്ടില്ലെന്നും ഉറങ്ങുകയാണെന്ന് ജീവനക്കാർ പറഞ്ഞുവെന്നും കാല് കെട്ടിയിട്ടുവെന്നും അവർ പറഞ്ഞു. കൈ കെട്ടിയിടാൻ നോക്കിയപ്പോൾ വേദന സഹിക്കുന്ന കുട്ടിയെ കെട്ടിയിടേണ്ടെന്ന് പറഞ്ഞുവെന്നും മാതാവ് വ്യക്തമാക്കി. ഓപ്പറേഷൻ കഴിഞ്ഞ് ഡോക്ടർ വന്ന ശേഷം നോക്കുമെന്ന് പറഞ്ഞുവെന്നും എക്‌സറേ എടുക്കുന്നതിന് മുമ്പായി ഷർട്ട് നീക്കാൻ പോലും നേഴ്‌സുമാർ സഹായിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജിനും പരാതി നൽകി.
Adjust Story Font
16