ഓഫർ തട്ടിപ്പിൽ എറണാകുളം പറവൂരില്‍ ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെയും ആരോപണം
വിവിധ ഏജന്‍സികള്‍ വഴി പണം നല്‍കിയ ആയിരത്തോളം പേരാണ് പറവൂരില്‍ തട്ടിപ്പിനിരയായത്

എറണാകുളം: ഓഫർ തട്ടിപ്പില്‍ എറണാകുളം പറവൂരില്‍ ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെയും ആരോപണം. പറവൂർ വെളിയത്തുനാട് സഹകരണ ബാങ്ക് നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടന പരിപാടികളില്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ,കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ പങ്കെടുത്തിട്ടുണ്ട്.
പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ വാഗ്ദാനം ചെയ്തായിരുന്നു വെളിയത്തുനാട് സഹകരണബാങ്ക് പണം വാങ്ങിയിരുന്നത്. ആദ്യ ഘട്ടത്തില്‍ പണം നല്‍കിയവർക്ക് സാധനങ്ങള്‍ നല്‍കി. പിന്നീട് പണം നല്‍കിയവർക്ക് സാധനങ്ങള്‍ നല്‍കിയില്ല.
രണ്ടാം ഘട്ടത്തില്‍ പദ്ധതിയില്‍ ചേർന്നവർക്കെല്ലാം പണം തിരിച്ച് നല്‍കിയെന്ന് ബാങ്ക് സെക്രട്ടറി അവകാശപ്പെട്ടു. വിവിധ ഏജന്‍സികള്‍ വഴി പണം നല്‍കിയ ആയിരത്തോളം പേരാണ് പറവൂരില്‍ തട്ടിപ്പിനിരയായത്. പണം നഷ്ടപ്പെട്ടവർ പറവൂർ നഗരസഭാ ഓഫീസില്‍ ഒത്തു ചേർന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണനെതിരെ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരമാണെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവാണിതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Adjust Story Font
16