കേരള സ്റ്റോറിയിലെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഒരുകോടി രൂപ; തെളിവുകള്‍ ഹാജരാക്കാന്‍ കൗണ്ടർ തുറന്ന് യൂത്ത് ലീഗ്
കേരളത്തിലെ 14ജില്ലാ ആസ്ഥാനത്തും കൗണ്ടര്‍ തുറന്നു
പാലക്കാട്: ദി കേരള സ്റ്റോറിയിൽ ആരോപിക്കുന്ന മതം മാറ്റത്തിന് തെളിവ് സമർപ്പിക്കുന്നതിനുള്ള യൂത്ത് ലീഗിന്റെ കൗണ്ടറുകൾ തുറന്നു. ജില്ലാകേന്ദ്രങ്ങളിലാണ് ഒരു കോടി ഇനാം പ്രഖ്യാപിച്ചുള്ള കൗണ്ടറുകൾ തുറന്നിരിക്കുന്നത്. വൈകുന്നേരം അഞ്ചു മണിക്കുള്ളിൽ 32,000 പേർ മതംമാറി ഐ.എസിൽ ചേർന്നു എന്ന് തെളിയിച്ചാൽ ഒരുകോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.
മലപ്പുറത്ത് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ കൗണ്ടർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിലും , പാലക്കാട് കോട്ടമൈതാനത്തിനു സമീപമടക്കം വിവിധ ജില്ലകളിലാണ് യൂത്ത് ലീഗ് കൗണ്ടർ പ്രതിഷേധം സംഘടിപ്പിച്ചത് . വൈകീട്ട് അഞ്ച് മണി വരെ യൂത്ത് ലീഗ് സ്ഥാപിച്ച കൗണ്ടറുകൾ പ്രവർത്തിക്കും.
പാലക്കാട് കോട്ടമൈതാനത്താണ് യൂത്ത് ലീഗിന്റെ കൗണ്ടർ തുറന്നിരിക്കുന്നത്. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനാണ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്യാനെത്തിയത്. ഈ ഭൂമി മലയാളം ഉള്ളടത്തോളം തെളിവുമായി ആരും വരില്ലെന്നാണ് എന്‍റെ വിശ്വാസം.കേരളത്തിലെ 14ജില്ലാ ആസ്ഥാനത്തും കൗണ്ടര്‍ തുറന്ന് ഇരിക്കുമെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.തെളിവുകള്‍ പൂരിപ്പിക്കാന്‍ പ്രത്യേക ഫോമും ലീഗ് നല്‍കും.
കേരള സ്റ്റോറി സിനിമ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെയാണ് കേരളത്തിൽ നിന്ന് മതം മാറി 32000 പേർ സിറിയയിലേക്ക് പോയെന്ന പ്രചാരണം ശക്തമായത്. പിന്നാലെ പ്രതിഷേധവുമായി രാഷ്ട്രീയ സാമൂഹിക, മത സംഘടനകൾ രംഗത്തെത്തി. ഈ പ്രചാരണം തെളിയിക്കുന്ന വസ്തുനിഷ്ഠമായ തെളിവ് സമർപ്പിക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചായിരുന്നു യൂത്ത് ലീഗ് പ്രതിഷേധം . ഇതിന് പിന്നാലെയാണ് ഇനാം കൈപ്പറ്റാൻ തെളിവ് നേരിട്ടെത്തി സമർപ്പിക്കാനുള്ള സൗകര്യവും യൂത്ത് ലീഗ് ഒരുക്കിയത്. ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേകം കൗണ്ടർ സ്ഥാപിച്ചാണ് തെളിവുമായി വരുന്നവർക്കായുള്ള യൂത്ത് ലീഗ് പ്രവർത്തകരുടെ കാത്തിരിപ്പ്.
അതേസമയം, സിനിമയുമായി ബന്ധപ്പെട്ട ഹരജികളിൽ സിനിമ റിലീസ് ആവുന്ന നാളെതന്നെ ഹൈക്കോടതി വാദം കേട്ടേക്കും. ടീസർ കണ്ട് സിനിമയെ വിലയിരുത്തുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഇടക്കാല ഉത്തരവ്. ഹരജികൾ ഇന്ന് തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കേരളത്തിൽ നിന്നും 32000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർത്തുവെന്ന സിനിമയുടെ ടീസറിലെ പരാമർശത്തോടെയാണ് വിവാദങ്ങൾ ഉയരുന്നത്. എന്നാൽ ടീസറിലൂടെ മാത്രം സിനിമയെ വിലയിരുത്താൻ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സാമുദായിക സ്പർധ വളർത്തുന്നതാണ് ടീസറിലെ ഉള്ളടക്കമെന്ന ഹരജിക്കാരന്റെ ആരോപണവും കോടതി അംഗീകരിക്കുന്നില്ല. സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ തന്നെ സിനിമയിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ സെൻസർബോർഡിനെതിരായ ആരോപണവും അംഗീകരിക്കാനാകില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. നാളെ ഹരജിയിൽ വാദം കേൾക്കുമ്പോൾ വിഷയത്തിലുള്ള സെൻസർബോർഡിൻ്റെയും കേന്ദ്രത്തിൻ്റെയും മറുപടികൾ ഹൈക്കോടതി പരിശോധിക്കും. അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്ന സുപ്രിംകോടതി നിർദേശമുള്ളതിനാൽ സിനിമ റിലീസ് ചെയ്യുന്ന ദിവസം ആദ്യ കേസായി തന്നെ വിഷയം ഹൈക്കോടതി പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ എൻ നഗരേഷ്, മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Adjust Story Font
16