Quantcast

''അന്നു പി.ടി തന്‍റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ് തുറന്നു''

ഒപ്പമുണ്ടായിരുന്ന ഗാന രചയിതാവ് ആര്‍.കെ ദാമോദരന്‍റെ ചില കവിതകൾ സംഗീതം നല്‍കി പ്രശസ്ത ഗായകരെ കൊണ്ടു പാടിപ്പിച്ച് റെക്കോഡ് ചെയ്യണമെന്ന ആഗ്രഹവും പി.ടി പ്രകടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    23 Dec 2021 5:40 AM GMT

അന്നു പി.ടി തന്‍റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ് തുറന്നു
X

അപ്രതീക്ഷിതമായിരുന്നു പി.ടി തോമസ് എന്ന ജനകീയ നേതാവിന്‍റെ വിയോഗം. നിലപാടുകള്‍ തന്‍റേടത്തോടെ പറഞ്ഞിരുന്ന പി.ടി. വലിയ സൗഹൃദക്കൂട്ടത്തിന് ഉടമയായിരുന്നു. രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമ,സാസ്കാരിക രംഗങ്ങളിലും അദ്ദേഹത്തിന് ചങ്ങാതിമാരുണ്ടായിരുന്നു. പെട്ടെന്ന് വിട പറഞ്ഞുപോയ പ്രിയകൂട്ടുകാരന്‍റെ ഓര്‍മയിലാണ് സുഹൃത്തുക്കള്‍. പി.ടി തോമസിന്‍റെ സൗഹൃദ വലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായി കരുതുന്നുവെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പി അഷ്റഫിന്‍റെ കുറിപ്പ്

ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും .. ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും.. ഇത് എം.ജി.ആര്‍ ചിത്രത്തിലെ പ്രശസ്ത ഗാനത്തിലെ വരികളാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ആ പേർ മുഴങ്ങണം... ഇദ്ദേഹത്തെ പോലെ ആരുമില്ലെന്നു നാട് പറയണം.. ഇതാണ് ഈ വരികളുടെ പൊരുൾ.

പി.ടി തോമസിന്‍റെ സൗഹൃദ വലയത്തിൽ ഉൾപ്പെടാനായത് ഭാഗ്യമായ് ഞാൻ കരുതുന്നു. നടി ആക്രമിക്കപ്പെട്ടപ്പോൾ, ഇരയോടെപ്പം ഉറച്ച് നിന്ന പി.ടിയുടെ നിലപാട് പൊതുസമൂഹത്തിന് പ്രചോദനമായിരുന്നു. കെ.പി.എ.സി ലളിതക്ക് സർക്കാർ നല്‍കാന്‍ തീരുമാനിച്ച ചികത്സാ സഹായത്തെ എതിർത്തവരുടെ വായ് അടപ്പിച്ചത് പി.ടിയുടെ ഉറച്ച നിലപാടിലൂടെയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ അദേഹത്തോടൊപ്പം ഞാനും ചില അടുത്ത സുഹൃത്തുക്കളും ഒരു സായാഹ്നത്തിൽ ഒത്തു ചേർന്നിരുന്നു.

അന്നു പി.ടി തന്‍റെ സാഹസിക വിവാഹത്തെക്കുറിച്ച് ഞങ്ങളോടു മനസ് തുറന്നു. ഒപ്പമുണ്ടായിരുന്ന ഗാനരചയിതാവ് ആര്‍.കെ ദാമോദരന്‍റെ ചില കവിതകൾ സംഗീതം നല്‍കി പ്രശസ്ത ഗായകരെ കൊണ്ടു പാടിപ്പിച്ച് റെക്കോഡ് ചെയ്യണമെന്ന ആഗ്രഹവും പി.ടി പ്രകടിപ്പിച്ചു. ഒത്തുചേരലിനൊടുവിൽ ചിലർ പാട്ടുകൾ പാടി, മറ്റു ചിലർ തമാശകൾ പറഞ്ഞു. എന്‍റെ ഊഴമെത്തിയപ്പോൾ തൊട്ടടുത്തിരുന്ന പി.ടിയെ ചൂണ്ടി ഞാൻ ഉറക്കെ പാടി.. ഇരുന്താലും മറൈന്താലും പേർ ശൊല്ല വേണ്ടും ...ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും... ഇവർ പോലെ യാരന്ന് ഊർശൊല്ല വേണ്ടും... എല്ലാവരും അത് ശരിയാണെന്ന സൂചനയോടെ കൈകൾ കൊട്ടി. പി.ടി ഒരു ചെറു പുഞ്ചിരിയോടെ ആ ആദരവ് സ്വീകരിച്ചു. പക്ഷേ അന്നു ഞാനോർത്തില്ല ആ നല്ല സുഹൃത്തായ നേതാവിനെ ഇത്ര വേഗം പിരിയേണ്ടിവരുമെന്ന്. ഇപ്പോഴും ആ വരികൾ ഇവിടെ മുഴങ്ങുന്നുണ്ട് . കാലമെത്ര കഴിഞ്ഞാലും പി.ടിയുടെ മഹത്വത്തിന് മരണമില്ല

TAGS :

Next Story