ആലുവ കൊലപാതകം; പ്രതിയുടെ കസ്റ്റഡി അപേക്ഷ പോക്സോ കോടതിയിൽ
ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയ സാഹചര്യത്തിലാണ് കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ നിന്നും പോക്സോ കോടതിയിലേക്ക് മാറ്റിയത്.
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യംചെയ്യലിലേക്കും തെളിവെടുപ്പിലേക്കും അന്വേഷണ സംഘം കടക്കും. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വിവാദമായത്തിന് പിന്നാലെ മന്ത്രി വീണാ ജോർജും ജില്ലാ കലക്ടറും കുട്ടിയുടെ വീട് സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് ഇരുവരും കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് മടങ്ങിയത്. സർക്കാർ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കാത്തതിൽ പ്രതികരിക്കാൻ ആരോഗ്യമന്ത്രി തയ്യാറായില്ല.
പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാരചടങ്ങിൽ നിന്ന് സർക്കാർ പ്രതിനിധികൾ വിട്ടു നിന്നത് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ സന്ദർശനം. കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് ആശ്വസിപ്പിച്ച മന്ത്രി കുടുംബത്തിന് സർക്കാരിൻ്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ചടങ്ങിൽ ജില്ലാകലക്ടർ പോലും പങ്കെടുക്കാത്തത് സർക്കാരിൻ്റെ വീഴ്ചയാണെന്നായിരുന്നു വിമർശനം. മന്ത്രിയ്ക്ക് പുറമെ ജില്ലാ കലക്ടറും, എംഎം മണി എംഎൽഎയും കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് ആശ്വസിപ്പിച്ചു. ഇന്ന് മന്ത്രി പി.രാജീവും കുട്ടിയുടെ വീട് സന്ദർശിക്കും. പെൺകുട്ടിയുടെ മരണത്തിൽ പൊലീസിൻ്റെ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
Adjust Story Font
16