ആലുവ കൊലപാതകം; യുപിയുമായുള്ള താരതമ്യത്തിൽ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി റിയാസ്
യുപിയുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് യുപിയെ വെള്ളപൂശാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ സർക്കാർ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യുപിയുമായി കേരളത്തെ താരതമ്യം ചെയ്യുന്നത് യുപിയെ വെള്ളപൂശാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ഓരോ മൂന്ന് മണിക്കൂറിലും ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യുപി. കോൺഗ്രസ് നേതാക്കളുടെ ഈ പ്രസ്താവനയിൽ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
കേസിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബിഹാർ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിൻ്റെ ആവശ്യം. എറണാകുളത്തെ അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന നടത്തി. ആലുവ സ്റ്റേഷനിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുണ്ടാകും.
അതേസമയം, വിഷയം പാർലമെന്റിൽ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ പൊലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ആവശ്യം. ബെന്നി ബഹനാൻ എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്.
ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വിവാദമായത്തിന് പിന്നാലെ മന്ത്രി വീണാ ജോർജും ജില്ലാ കലക്ടറും കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. ന്നലെ രാത്രിയാണ് ഇരുവരും കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് മടങ്ങിയത്. സർക്കാർ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കാത്തതിൽ പ്രതികരിക്കാൻ ആരോഗ്യമന്ത്രി തയ്യാറായിരുന്നില്ല.
Adjust Story Font
16