തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ച: തെളിവെടുപ്പിൽ സുധാകരന് തിരിച്ചടി, നടപടി ഉറപ്പിച്ച് എതിർപക്ഷം
അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പിൽ ഭൂരിപക്ഷം പേരും ഒപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് ജി സുധാകര വിരുദ്ധപക്ഷം.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ ജി സുധാകരനെതിരെ നടപടി ഉറപ്പിച്ച് എതിർപക്ഷം. അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പിൽ ഭൂരിപക്ഷം പേരും ഒപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് ജി സുധാകര വിരുദ്ധപക്ഷം. അതേസമയം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജി സുധാകരനും അദ്ദേഹത്തിന്റെ അനുകൂലികളും.
തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രവർത്തനങ്ങളിൽ ജി സുധാകരൻ ഉൾവലിഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സി.പി.എം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസും ഉൾപ്പെട്ട കമ്മീഷൻ മൂന്ന് ദിവസം ആലപ്പുഴയിൽ തെളിവെടുപ്പ് നടത്തി.
ആദ്യ രണ്ടു ദിവസങ്ങളിലും ജി സുധാകരനെതിരെ പരാതിപ്രളയം ഉയർന്നു. സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തി എന്ന അമ്പലപ്പുഴ എം.എൽ.എ, എച്ച് സലാമിന്റെ പരാതിയെ ഭൂരിഭാഗം പേരും പിന്തുണക്കുകയാണ് ചെയ്തത്. അന്വേഷണ കമ്മീഷന്റെ അവസാന ദിവസത്തെ തെളിവെടുപ്പിലും മാറ്റമുണ്ടായില്ല. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ നിന്ന് ഹാജരായ 22 പേരിൽ 16 പേരും ജി സുധാകരനെതിരെ നിലപാടെടുത്തു. അനുകൂലിച്ചത് 6 പേർ മാത്രം. ആകെ ഹാജരായ അറുപതോളം പേരിൽ ഭൂരിഭാഗവും ജി സുധാകരന് എതിരാണ്. അതുകൊണ്ടു തന്നെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സമിതിക്ക് മുന്നിൽ എത്തുമ്പോൾ ജി സുധാകരനെതിരെ നടപടി ഉറപ്പിക്കുകയാണ് ജില്ലയിലെ സുധാകര വിരുദ്ധചേരി.
ഏറ്റവും കുറഞ്ഞത് താക്കീത് എങ്കിലും ഉണ്ടാകുമെന്നാണ് എതിർ വിഭാഗത്തിന്റെ പ്രചാരണം. അതേസമയം പ്രവർത്തന വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ജി സുധാകരന് ഒപ്പം നിൽക്കുന്നവർ ആവർത്തിച്ചു വ്യക്തമാക്കുന്നു. ആലപ്പുഴ-അമ്പലപ്പുഴ മണ്ഡലങ്ങളിലെ വോട്ടുകൾ നിരത്തിയാണ് സുധാകര അനുകൂലികളുടെ പ്രതിരോധം. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
Adjust Story Font
16