അംബാനിയെയും അദാനിയെയും പൂജിക്കണം: അല്‍ഫോന്‍സ് കണ്ണന്താനം
തൊഴിലില്ലായ്മയെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്പോര് നടക്കുന്നതിനിടെയായിരുന്നു എം.പിയുടെ പ്രതികരണം
അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവരെ ആരാധിക്കണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം എംപി. തൊഴിലില്ലായ്മയെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്പോര് നടക്കുന്നതിനിടെയായിരുന്നു ബി.ജെ.പി എം.പിയുടെ പ്രതികരണം.
"മുതലാളിമാരുടെ വക്താവെന്ന് നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്താം. ഈ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്‌ടിച്ച ആളുകൾ.. അവരുടെ പേരുകള്‍ ഞാൻ പറയട്ടെ. അത് റിലയൻസ് ആയാലും അംബാനി ആയാലും അദാനിയായാലും ആരായാലും അവരെ ആരാധിക്കണം. കാരണം അവർ ജോലി നൽകുന്നു. ഈ രാജ്യത്ത് നിക്ഷേപം നടത്തുന്ന ഓരോ വ്യവസായിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. അവരെ ബഹുമാനിക്കേണ്ടതുണ്ട്"- കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മയാണ് വളരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാരിന്റെ നയങ്ങൾ വരുമാന അസമത്വം വർദ്ധിപ്പിക്കുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ആഗോള അസമത്വമെന്നത് വസ്തുതയാണെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോന്‍സ് കണ്ണന്താനം മറുപടി പറഞ്ഞു. രാജ്യത്ത് രണ്ട് പേരുടെ സ്വത്ത് വർധിച്ചെന്നാണ് പ്രതിപക്ഷം വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ഇലോൺ മസ്‌കിന്റെ സമ്പത്ത് 1016 ശതമാനം ഉയർന്നു. നിങ്ങൾ ഇതിനെക്കുറിച്ച് ബോധവാന്മാരാണോ? ഗൂഗിൾ സ്ഥാപകൻ ലാറി പേജിന്റെ സമ്പത്തിൽ 126 ശതമാനം വർധനവുണ്ടായി. ബെസോസിന്റെ സമ്പത്ത് 67 ശതമാനം ഉയർന്നു. ആദ്യ 10 പേരിൽ ഏറ്റവും താഴെയുള്ളത് ബിൽ ഗേറ്റ്‌സാണ്. അദ്ദേഹത്തിന്റെ സമ്പത്ത് 30 ശതമാനമാണ് വര്‍ധിച്ചത്. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ആഗോള അസമത്വം ഒരു വസ്തുതയാണ്"- അൽഫോന്‍സ് കണ്ണന്താനം പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ ആർ.ജെ.ഡി എം.പി മനോജ് കുമാർ ഝാ രൂക്ഷമായി വിമര്‍ശിച്ചു- "കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സർക്കാരിന്റെ പ്രവർത്തനരീതി നോക്കുമ്പോൾ- ആർക്കാണ് അമൃത് ലഭിക്കുന്നതെന്നും ആർക്കാണ് വിഷം കഴിക്കുന്നതെന്നും വ്യക്തമാകും. അമൃത് സുഹൃത്തുക്കൾക്കുള്ളതാണ്. ഇത് ആവശ്യത്തിന് വിതരണം ചെയ്യപ്പെടുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകൾക്കും വിഷം മാത്രമേ ലഭിക്കുന്നുള്ളൂ. തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് ഒരു കാഴ്ചപ്പാടും ഇല്ല. തൊഴിലില്ലാത്ത യുവാക്കളുടെ ക്ഷമ നശിക്കുകയാണ്."
ബജറ്റിൽ വിലക്കയറ്റത്തെ കുറിച്ചോ പണപ്പെരുപ്പത്തെക്കുറിച്ചോ ഒരു പരാമർശവുമില്ലെന്ന് ബി.ജെ.ഡി എം.പി സുജീത് കുമാർ പറഞ്ഞു- "തൊഴിലുറപ്പ് ബജറ്റ് 25 ശതമാനം കുറച്ചു. നമ്മള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് വലിയ കാര്യങ്ങൾ സംസാരിക്കുന്നു, പക്ഷേ ജി.ഡി.പിയുടെ 3 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത്".
ബജറ്റ് രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക മാത്രമല്ല ചെയ്യുന്നതെന്ന് ബി.ജെ.പിയുടെ ജി.വി.എല്‍ നരസിംഹ റാവു മറുപടി നല്‍കി. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ആഗോള സാമ്പത്തിക സൂപ്പർ പവറാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16