ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവം; ഡെപ്യൂട്ടി രജിസ്ട്രാറെ സ്ഥലം മാറ്റി
കാര്യവട്ടം ക്യാമ്പസിലേക്കാണ് സ്ഥലംമാറ്റം. ഇന്ന് ചേർന്ന സിന്‍റിക്കേറ്റ് യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജീവനക്കാരിക്ക് പ്രസവാവധി നിഷേധിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ് സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. കാര്യവട്ടം ക്യാമ്പസിലേക്കാണ് സ്ഥലംമാറ്റം. ഇന്ന് ചേർന്ന സിന്‍റിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കൂടുതൽ അന്വേഷണത്തിനായി മൂന്ന് അംഗങ്ങളടങ്ങുന്ന സമിതിയെ നിയോഗിച്ചു.
പ്രസവാവധി കഴിയുന്നതിന് മുമ്പ് ജീവനക്കാരിയെ ഡപ്യൂട്ടി രജിസ്ട്രാർ വിളിച്ചുവരുത്തി എന്നാണ് പരാതി. ഫോണിൽ സംസാരിച്ചിട്ട് തൃപ്തനാകാതെ ഡെപ്യൂട്ടി രജിസ്ട്രാർ നിർബന്ധിച്ച് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ജീവനക്കാരി മൊഴി നൽകി. മണിക്കൂറുകളോളം സർവകലാശാലയിൽ കാത്തു നിൽക്കേണ്ടി വന്നെന്നും യുവതിയുടെ മൊഴിയിലുണ്ട്. നേരിട്ടെത്തിയപ്പോൾ ഡെപ്യൂട്ടി രജിസ്ട്രാറിൽ നിന്നുൾപ്പെടെ മോശം സമീപനമാണ് ഉണ്ടായതെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നും യുവതിയുടെ മൊഴിയിലുണ്ട്. മൂന്നംഗ വനിതാ സമിതി പരാതിക്കാരിയെ നേരിട്ടുകണ്ടാണ് മൊഴിയെടുത്തത്.
മാർച്ച് എട്ടിനായിരുന്നു സംഭവം. പ്രസവിച്ച് എട്ടാം ദിവസമാണ് ഡെപ്യൂട്ടി രജിസ്ട്രാർ യുവതിയെ നിർബന്ധിച്ച് സർവകലാശാലയിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം വിവാദമായതോടെ സർവകലാശാലയിൽ പ്രതിപക്ഷപാർട്ടികളുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ രജിസ്ട്രാർ റിപ്പോർട്ട് തേടിയത്.
Adjust Story Font
16