Quantcast

കരുവന്നൂരിലേത് ഒറ്റപ്പെട്ട സംഭവം, സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവ ശ്രമം: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി

ബാങ്ക് ഭരണസമിതി അംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപങ്ങളിൽ നിന്ന് 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് കരുവന്നൂർ ബാങ്കിനെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-07-31 04:54:12.0

Published:

31 July 2022 4:46 AM GMT

കരുവന്നൂരിലേത് ഒറ്റപ്പെട്ട സംഭവം, സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവ ശ്രമം: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി
X

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് മുൻനിർത്തി സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവ ശ്രമം നടക്കുകയാണെന്നും സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. മാധ്യമങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ വലുതാക്കി കാണിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ സംസാരിക്കവേ പറഞ്ഞു. ബാങ്ക് നടത്തിപ്പിൽ ചില പാർട്ടി പ്രവർത്തകർക്ക് ജാഗ്രത കുറവുണ്ടായെന്നും ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാങ്ക് തട്ടിപ്പിൽ സി.പി.എമ്മിന് ഗുരുതര വീഴ്ച പറ്റിയെന്ന് മുൻ ഭരണസമിതി അംഗവും കേസിലെ പതിമൂന്നാം പ്രതിയുമായ ജോസ് ചക്രംപള്ളി ആരോപിച്ചു. ബാങ്കിലെ തിരിമറികളെ കുറിച്ച് പാർട്ടി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. ബാങ്ക് സെക്രട്ടറി സുനിൽകുമാറിന്‌ ഏരിയ കമ്മറ്റിയിലും ലോക്കൽ കമ്മറ്റിയിലും നിർണ്ണായക സ്വാധീനം ഉണ്ടായിരുന്നുവെന്നും അതു കൊണ്ടാണ് ജില്ലാ കമ്മറ്റിയിൽ നേരിട്ട് കാര്യങ്ങൾ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഏരിയ, ലോക്കൽ കമ്മിറ്റികളെ അറിയിച്ചപ്പോൾ സഹകരണ ബാങ്കുകൾ ഇങ്ങനെയാണ് നടക്കുന്നതെന്ന ഒഴുക്കൻ മറുപടിയായിരുന്നു ജോസിന് ലഭിച്ചത്. തുടർന്നാണ് ഇദ്ദേഹം ജില്ലാ കമ്മിറ്റിയെ സമീപിച്ചത്. എന്നാൽ കമ്മിറ്റിയും കൃത്യമായി വിഷയത്തിൽ ഇടപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയിൽ ഭരണസമിതി അംഗങ്ങളും പ്രതികളായിരിക്കുകയാണ്.

ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ജോസിനെ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് തരം താഴ്ത്തുകയായിരുന്നു. ബാങ്ക് പ്രസിഡൻറ് കെ.കെ ദിവാകരനടക്കമുള്ളവർ കേസിൽ പ്രതികളാണ്. ഭരണ സമിതി തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും ആരോപണമുണ്ട്. ഭരണ സമിതിയുടെ മിനുട്‌സ് തിരുത്തി സെക്രട്ടറി തീരുമാനങ്ങൾ മാറ്റുകയായിരുന്നു. 10 ലക്ഷം ഒരാൾക്ക് പാസാക്കിയ ശേഷം 50 ലക്ഷം മറ്റൊരാൾക്ക് കൊടുക്കാമെന്ന് സുനിൽകുമാർ എഴുതിച്ചേർത്ത് തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്. ഇത്രയും സ്വാധീനം സെക്രട്ടറിയായ സുനിൽകുമാറിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, കരുവന്നൂർ ബാങ്കിന്റെ മാപ്രാണത്തെ കെട്ടിട നിർമാണത്തിൽ അഴിമതിയുണ്ടായെന്ന് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിച്ചു. കമ്മീഷൻ തട്ടുന്നതിനായി ഒരേ വ്യക്തിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ഒന്നിലേറെ തവണ ടെൻഡർ നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ നിരവധി തവണ കമ്മീഷൻ നേടിയെന്നും സുജേഷ് കണ്ണാട്ട് മീഡിയവൺ സ്‌പെഷൽ എഡിഷനിൽ പറഞ്ഞു.

അതിനിടെ, കരുവന്നൂർ ബാങ്കിലെ കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങളെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി. കാലാവധി അവസാനിച്ച സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. ജസ്റ്റിസ് ടി.ആർ രവിയുടേതാണ് ഉത്തരവ്.

ബാങ്ക് ഭരണസമിതി അംഗങ്ങൾ ചേർന്ന് സാധാരണക്കാരുടെ നിക്ഷേപങ്ങളിൽ നിന്ന് 300 കോടിയിലേറെ തട്ടിയെടുത്തു എന്ന് കരുവന്നൂർ ബാങ്കിനെ കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. തട്ടിയെടുത്ത തുക റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിച്ചു എന്നും ആരോപണം ഉയർന്നു. ഈ സാഹചര്യത്തിലാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ കോടതിയെ സമീപിച്ചത്.



TAGS :

Next Story